കർഷക ക്ഷേമത്തിനുള്ള 44,000 കോടി പാഴാക്കി
text_fieldsന്യൂഡൽഹി: കർഷക ക്ഷേമത്തിനായി ബജറ്റിൽ വകയിരുത്തുന്ന തുകയിൽ നല്ലൊരു പങ്കും ആവശ്യക്കാരിലെത്താതെ പാഴാകുന്നു. സർക്കാർ സഹായം തേടി വിവിധ സംസ്ഥാനങ്ങളിൽ കർഷകർ പ്രതിഷേധിക്കുന്നതിനിടെ കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള ബന്ധപ്പെട്ട വകുപ്പുകൾ മൂന്നു വർഷത്തിനിടെ വിനിയോഗിക്കാതെ നഷ്ടമാക്കിയത് 44,015.81 കോടി രൂപ. മൂന്നു വർഷത്തെ ബജറ്റുകളിലായി കർഷക ക്ഷേമത്തിന് അനുവദിച്ചതിൽനിന്നാണ് ഇത്രയും തുക ഉപയോഗിക്കാതെ തിരിച്ചുനൽകേണ്ടിവന്നതെന്ന് തിങ്കളാഴ്ച ലോക്സഭയിൽ വെച്ച പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
2020-21, 2021-22, 2022-23 കാലയളവിൽ യഥാക്രമം 23,824.54 കോടി രൂപ, 429.22 കോടി രൂപ, 19,762.05 കോടി രൂപ എന്നിങ്ങനെയാണ് ഫണ്ട് നഷ്ടമായത്. കർണാടകയിൽ നിന്നുള്ള ബി.ജെ.പി എം.പി പി.സി. ഗദ്ദിഗൗഡറിന്‍റെ അധ്യക്ഷതയിലുള്ള കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്‌കരണം എന്നിവ സംബന്ധിച്ച പാർലമെന്‍ററി കാര്യ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
രാജ്യത്തെ ഗ്രാമീണ ഉപജീവനം, തൊഴിലവസരങ്ങൾ, ഭക്ഷ്യസുരക്ഷ എന്നിവയിൽ കൃഷി വഹിക്കുന്ന പ്രധാന പങ്ക് കണക്കിലെടുത്ത് ബജറ്റ് വിഹിതം കൃത്യമായി ബന്ധപ്പെട്ട വകുപ്പിൽനിന്നു വാങ്ങിക്കാനും അത് വിനിയോഗിക്കുന്നതായി ഉറപ്പാക്കാനും സമിതി കൃഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഫസൽ ബീമ യോജനക്കു കീഴിൽ ക്ലെയിമുകൾ അടക്കുന്നതിൽ ഇൻഷുറൻസ് സ്ഥാപനങ്ങൾ കാലതാമസം വരുത്തുന്നതിന്‍റെ കാരണങ്ങൾ അന്വേഷിക്കാനും സമിതിയെ ചുമതലപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.