മഹാരാഷ്ട്രയിൽ അഞ്ചുപേരെ തല്ലിക്കൊന്നു
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന് കരുതി അഞ്ചുപേരെ നാട്ടുകാർ തല്ലിക്കൊന്നു. ധുലെ, സക്രി താലൂക്കിലെ റെയിൻപാഡയിൽ വാരാന്ത്യ ചന്ത നടക്കുന്നതിനിടെ ഞായറാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ നാട്ടിലിറങ്ങിയിട്ടുണ്ടെന്ന വാട്സ്ആപ് അഭ്യൂഹമാണ് ആൾക്കൂട്ടക്കൊലക്ക് കാരണമായതെന്ന് ധുലെ പൊലീസ് സൂപ്രണ്ട് എം. രാംകുമാർ പറഞ്ഞു.
ചന്തക്കിടെ ബസിൽ വന്നിറങ്ങിയ സംഘമാണ് ആക്രമണത്തിനിരയായത്. ഒരാളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. സൊലാപുർ നിവാസി ദാദാറാവ് ഭോസ്ലെയെയാണ് തിരിച്ചറിഞ്ഞത്. അഞ്ചുപേരെ കല്ല്, വടി തുടങ്ങിയവകൊണ്ട് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അവശരായ ഇവരെ ഒരു മുറിയിൽ അടച്ചിട്ട് മർദിച്ചു. യാചനക്ക് ചന്തയിൽ എത്തിയവരാണ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിെൻറ ദൃശ്യങ്ങൾ വൈറലായതോടെ ഉന്നത പൊലീസ്, സർക്കാർ ഉദ്യോഗസ്ഥർ രംഗത്തെത്തി. വാട്സ്ആപ് അഭ്യൂഹമാണ് ദുരന്തത്തിന് കാരണമെന്നും സംഭവത്തെ അപലപിക്കുന്നതായും മഹാരാഷ്ട്ര സഹമന്ത്രി ദീപക് കെസാർക്കർ പറഞ്ഞു. വാട്സ്ആപ് സന്ദേശത്തിെൻറ ഉറവിടം കണ്ടെത്തി ശക്തമായ നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും സംശയത്തെ തുടർന്ന് ആളുകളെ തടയുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. വാട്സ്ആപ്പിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പ്രചരിച്ച ചിത്രങ്ങൾ മറ്റു സംഭവങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു.
ജൂൺ എട്ടിന് അസമിലെ കർബി അങ്ലോങ് ജില്ലയിൽ രണ്ടു യുവാക്കളെ ആൾക്കൂട്ടം കൊലപ്പെടുത്തിയത് വൻ വിവാദമായിരുന്നു. ഇവിടെയും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയവർ എന്ന പേരിലായിരുന്നു ആക്രമണം. ദോക്മോക പട്ടണത്തിൽനിന്ന് 16 കി.മീ അകലെ പഞ്ചൂരി കച്ചാരി ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. കാന്തേ ലാങ്ഷു വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുള്ള വഴിയിൽ യുവാക്കളുടെ വാഹനം തടഞ്ഞ് ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.