തെരുവുനായ നക്കിയെന്നറിഞ്ഞിട്ടും ഉച്ചഭക്ഷണം വിളമ്പി; പിന്നാലെ 78 വിദ്യാർഥികൾക്ക് ആന്റി റാബിസ് വാക്സിൻ
text_fieldsപ്രതീകാത്മക ചിത്രം
ബിലാസ്പുർ: ഛത്തീസ്ഗഡിൽ ബലോദബസാർ ജില്ലയിലെ സ്കൂളിൽ തെരുവ് നായ നക്കിയ ഉച്ചഭക്ഷണം വിദ്യാർഥികൾക്ക് നൽകി. തുടർന്ന് 78 വിദ്യാർഥികൾക്ക് ആന്റി റാബീസ് വാക്സിനെടുത്തു. ജൂലൈ 29ന് ലച്ചൻപൂരിലെ സർക്കാർ സ്‌കൂളിലാണ് സംഭവം.
ഉച്ച ഭക്ഷണത്തിന് ഒപ്പമുള്ള കറിയിൽ നായ നക്കിയ വിവരം വിദ്യാർഥികൾ അധ്യാപകരെ അറിയിച്ചിരുന്നു. തുടർന്ന് അധ്യാപകർ മുന്നറിയിപ്പ് നൽകിയിട്ടും ഇത് അവഗണിച്ച് പാചക തൊഴിലാളികൾ ഭക്ഷണം നൽകുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മുൻകരുതലെന്ന നിലയിൽ കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി.
84 വിദ്യാർഥികളാണ് ഈ ഭക്ഷണം കഴിച്ചത്. സംഭവം വിദ്യാർഥികൾ രക്ഷിതാക്കളെ അറിയിച്ചു. മലിനമായ ഭക്ഷണം വിളമ്പരുതെന്ന നിർദ്ദേശം അവഗണിച്ച പാചക തൊഴിലാളികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും പ്രദേശവാസികളും സ്കൂളിലെത്തി പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്ത് വരുന്നത്.
'അണുബാധ സ്ഥിരീകരിച്ചതുകൊണ്ടല്ല, മുൻകരുതൽ നടപടിയായാണ് ആന്റി റാബിസ് വാക്സിൻ നൽകിയത്. ആദ്യ ഡോസിന് പാർശ്വഫലങ്ങളൊന്നുമില്ല. ഗ്രാമവാസികളുടെയും രക്ഷിതാക്കളുടെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെയും ആവശ്യപ്രകാരമാണ് ഇത് ചെയ്തത്' എന്ന് ലച്ചൻപൂർ ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥ പറഞ്ഞു.
ശനിയാഴ്ച സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ദീപക് നികുഞ്ജും ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ നരേഷ് വർമയും മറ്റ് ഉദ്യോഗസ്ഥരും സ്കൂൾ സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. കുട്ടികൾ, മാതാപിതാക്കൾ, അധ്യാപകർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എസ്.എച്ച്.ജി അംഗങ്ങൾ അന്വേഷണത്തിൽ പങ്കെടുത്തിട്ടില്ല.
അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ സന്ദീപ് സാഹു മുഖ്യമന്ത്രിക്ക് കത്തെഴുതി. ആരുടെ നിർദ്ദേശപ്രകാരമാണ് കുട്ടികൾക്ക് ആന്റി റാബിസ് കുത്തിവെപ്പുകൾ നൽകിയതെന്ന് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.