786 പാകിസ്താനികൾ ഇന്ത്യ വിട്ടു; 1465 പേർ ഇന്ത്യയിലെത്തി
text_fieldsന്യൂഡല്‍ഹി: അട്ടാരി-വാഗ അതിര്‍ത്തിവഴി ഇന്ത്യ വിട്ടത് 786 പാകിസ്താന്‍ പൗരര്‍. അതേസമയം, 1465 ഇന്ത്യക്കാര്‍ പാകിസ്താനില്‍നിന്ന് ഇതേവഴി മടങ്ങിയെത്തിയതായും ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കേന്ദ്രസര്‍ക്കാറിന്റെ കര്‍ശനനിര്‍ദേശത്തെ തുടര്‍ന്ന് ഏപ്രില്‍ 24 മുതലാണ് പാക് പൗരത്വമുള്ളവര്‍ മടങ്ങിത്തുടങ്ങിയത്.
ഇരു രാജ്യങ്ങളിലേക്കും മടങ്ങിയവരിൽ നയതന്ത്ര ഉദ്യോഗസ്ഥരുമുണ്ട്. ചിലർ വിമാനമാർഗവും മടങ്ങിയിട്ടുണ്ട്. പാകിസ്താനിലേക്ക് നേരിട്ട് വിമാന സര്‍വിസില്ലാത്തതിനാല്‍ ദുബൈ പോലുള്ള റൂട്ടുകള്‍ വഴിയാണ് മടങ്ങിയത്. പാക് പൗരര്‍ ഏപ്രില്‍ 27ഓടെ ഇന്ത്യ വിടണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. മെഡിക്കല്‍ വിസയിലെത്തിയവര്‍ക്ക് 29 വരെ ഇളവ് നല്‍കി. 12 വിഭാഗങ്ങളിലായി ഹ്രസ്വകാല വിസയിൽ ഇന്ത്യയിലെത്തിയ പാക് പൗരന്മാര്‍ ഞായറാഴ്ചക്കകം ഇന്ത്യ വിടാനായിരുന്നു നിർദേശം.
ഇന്ത്യ സൈനിക നടപടി തുടങ്ങാൻ താമസമില്ലെന്ന് പാക് മന്ത്രി
ന്യൂഡൽഹി: അടുത്ത 36 മണിക്കൂറിൽ ഇന്ത്യ തങ്ങൾക്കെതിരെ സൈനിക നടപടി തുടങ്ങുമെന്ന് വിശ്വസനീയമായ ഇന്റലിജൻസ് സൂചനകളുണ്ടെന്നും അതിന്റെ പ്രത്യാഘാതങ്ങൾ ഇന്ത്യ അനുഭവിക്കേണ്ടിവരുമെന്നും പാകിസ്താൻ. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിത ആരോപണങ്ങളുടെ പേരിലാണ് ഇന്ത്യ ആക്രമണത്തിന് തയാറെടുക്കുന്നതെന്ന് പാകിസ്താൻ ഇൻഫർമേഷൻ മന്ത്രി അത്താവുല്ല തരാർ പറഞ്ഞു.
പാകിസ്താൻ തന്നെ ഭീകരതയുടെ ഇരയാണ്. ഭീകരതയുടെ എല്ലാ രൂപങ്ങളെയും രാജ്യം എപ്പോഴും തള്ളിപ്പറഞ്ഞിട്ടുണ്ട്. പഹൽഗാമിൽ വിശ്വസനീയവും സുതാര്യവുമായ അന്വേഷണത്തെ പാകിസ്താൻ പിന്തുണക്കുകയും ചെയ്തതാണ്. എന്നാൽ, ഇന്ത്യ അന്വേഷണം വിട്ട് സംഘർഷപാത തിരഞ്ഞെടുക്കുകയാണ്. ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണം. ഇന്ത്യയുടെ ഏതൊരു സൈനിക നടപടിയെയും കൃത്യമായി നേരിടും. സംഘർഷം മൂർച്ഛിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം പൂർണമായും ഇന്ത്യക്കായിരിക്കും-അദ്ദേഹം തുടർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.