പി.എ.സി.എൽ ആസ്തികൾ ലേലം ചെയ്ത് നേടിയത് 878.20 കോടി രൂപ
text_fieldsന്യൂഡൽഹി: മണിചെയിൻ മാതൃകയിൽ 60,000 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ പി.എ.സി.എല്ലിന്റെ (പേൾ അഗ്രോ കോർപറേഷൻ ലിമിറ്റഡ്) സ്ഥാവര വസ്തുക്കൾ വിറ്റും ലേലം ചെയ്തും ഇതുവരെ 878.20 കോടി രൂപ നേടിയതായി ജസ്റ്റിസ് ആർ.എം. ലോധ കമ്മിറ്റി അറിയിച്ചു. നിക്ഷേപകർക്ക് തിരിച്ചുകൊടുക്കാനാണ് ഈ പണം വിനിയോഗിക്കുക. കമ്പനിയുടെ ആസ്തികൾ കണ്ടുകെട്ടി ലേലം ചെയ്യാൻ 2016ൽ സുപ്രീംകോടതിയാണ് ലോധ കമ്മിറ്റിയെ നിയമിച്ചത്.
പി.എ.സി.എല്ലിന്റെ 42,950 വസ്തുവകകളുടെ രേഖകൾ കേസന്വേഷിച്ച സി.ബി.ഐ നേരത്തെ ലോധ കമ്മിറ്റിക്ക് കൈമാറിയിരുന്നു. റോൾസ് റോയ്സ്, പോർഷെ കായീൻ, ബെന്റ്ലി, ബി.എം.ഡബ്ല്യു 7 സീരീസ് അടക്കം ആഡംബര കാറുകളും സി.ബി.ഐ പിടിച്ചെടുത്തിരുന്നു. ഒന്നരക്കോടി നിക്ഷേപകരാണ് പണം തിരിച്ചു കിട്ടാൻ ഇതുവരെ അപേക്ഷ നൽകിയത്. 113 വസ്തുവകകൾ ലേലം ചെയ്തതിലൂടെ 86.20 കോടി രൂപ, ആസ്ട്രേലിയയിലെ പി.എ.സി.എല്ലിന്റെ അനുബന്ധ സ്ഥാപനം ലേലം ചെയ്തതിലൂടെ 369.20 കോടി രൂപ എന്നിങ്ങനെയും ലഭിച്ചു. പി.എ.സി.എല്ലിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 308.04 കോടിയും ഉപസ്ഥാപനങ്ങളുടെ 98.45 കോടി രൂപയുടെ സ്ഥിര നിക്ഷേപവും സർക്കാർ തന്നെ കണ്ടുകെട്ടിയിരുന്നു. 75 വാഹനങ്ങൾ ലേലം ചെയ്തതിലൂടെ 15.62 കോടി ലഭിച്ചു. കൃഷി, റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ മറവിലാണ് പേൾ ഗ്രൂപ് എന്നും അറിയപ്പെടുന്ന പി.എ.സി.എൽ നിക്ഷേപത്തട്ടിപ്പ് നടത്തിയത്. ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബിയാണ് കമ്പനിയുടെ തട്ടിപ്പ് ആദ്യം പുറത്തുകൊണ്ടുവന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.