‘നന്മ നിറഞ്ഞ രാഷ്ട്രീയം തിരയുന്ന ഒരു സാധാരണക്കാരൻ’; ബി.ജെ.പി വിട്ടതിനുപിന്നാലെ എക്സ് ബയോയിൽ മാറ്റംവരുത്തി കെ. അണ്ണാമലൈ
text_fieldsചെന്നൈ: ബി.ജെ.പി വിട്ടതിന് തൊട്ടുപിന്നാലെ എക്സ് അക്കൗണ്ടിലെ ബയോയിൽ മാറ്റംവരുത്തി കെ. അണ്ണാമലൈ. "നല്ല രാഷ്ട്രീയത്തെ തിരയുന്ന ഒരു സാധാരണക്കാരൻ" എന്നതാണ് അദ്ദേഹത്തിന്റെ പുതിയ വാക്യം. തമിഴ്നാട് ബി.ജെ.പിയുടെ മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന അദ്ദേഹം മുമ്പ് എക്സിന്റെ ബയോയിൽ ഉൾപ്പെടുത്തിയിരുന്നത് ‘ബി.ജെ.പി കാര്യകർത്താ’ എന്നായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം പാർട്ടി വിട്ടതിനു ശേഷമാണ് ഈ മാറ്റം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
ദേശീയ നേതൃത്വവുമായി ആഴ്ചകൾ നീണ്ട അസ്വാരസ്യങ്ങൾക്കൊടുവിലാണ് അണ്ണാമലൈ ബി.ജെ.പി വിട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വവുമായി ചർച്ചകൾ നടത്തിയിരുന്നു അദ്ദേഹം. ഉയർന്നുവന്ന പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പാർട്ടി നേതൃത്വം ഉറപ്പുനൽകിയെങ്കിലും, സ്വന്തം വഴി തിരഞ്ഞെടുക്കാൻ തീരുമാനിച്ച അണ്ണാമലൈ ബി.ജെ.പി വിടാൻ തീരുമാനിക്കുകയായിരുന്നു.
എല്ലാവരെയും ഉൾക്കൊള്ളുന്ന ജനകേന്ദ്രീകൃതമായ അജണ്ടയുമായി പുതിയ രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കുമെന്നും തമിഴ്നാട്ടിലെ അടുത്ത തിരഞ്ഞെടുപ്പിൽ സജീവമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിരമായി എം.എൽ.എമാരും എം.പിമാരുമാകുന്ന രീതിക്ക് വിരാമമിടാനാണ് തന്റെ ശ്രമം. ഒരു സാധാരണക്കാരൻ രാഷ്ട്രീയത്തിലേക്ക് വരുന്നത് വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ കർണാടക കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ സർവീസ് രാജിവെച്ചാണ് ബി.ജെ.പിയിലൂടെ സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. തുടർന്ന് തമിഴ്നാട് ബി.ജെ.പിയുടെ അമരക്കാരനായി മാറിയ അദ്ദേഹം, ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയനായ നേതാവായി ഉയർന്നു. ബി.ജെ.പി വിട്ടതോടെ തന്റെ പൊതുജീവിതത്തിന്റെയും രാഷ്ട്രീയ യാത്രയുടെയും അടുത്ത ഘട്ടത്തിനാണ് തുടക്കമാകുന്നതെന്നും പുതിയ രാഷ്ട്രീയ മുന്നേറ്റത്തിൽ പങ്കാളികളാകാൻ ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

