Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാര്‍ കാര്‍ഡ്...

ആധാര്‍ കാര്‍ഡ് പൗരത്വത്തിന്‍റെ നിര്‍ണായക തെളിവല്ല; തെരഞ്ഞെടുപ്പ് കമീഷന്‍ വാദം ശരിവെച്ച് സുപ്രീംകോടതി

text_fields
bookmark_border
Supreme Court
cancel

ന്യൂഡൽഹി: പൗരന്മാരെ വോട്ടർപട്ടികയിൽ ചേർക്കുന്നതും പൗരന്മാരല്ലാത്തവരെ വെട്ടിമാറ്റുന്നതും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ അധികാര പരിധിയിൽപെടുന്നതാണെന്ന് സുപ്രീംകോടതി. ആധാർ കാർഡ് ഒരാളുടെ പൗരത്വത്തിനുള്ള തെളിവല്ലെന്ന കമീഷന്റെ നിലപാടാണ് ശരിയെന്നും ജസ്റ്റിസുമാരായ സൂര്യകാന്തും ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. പൗരത്വം തെളിയിക്കാൻ കമീഷൻ ആവശ്യപ്പെട്ട 11 രേഖകളിൽ ഭൂരിഭാഗവും ബിഹാറിലെ ജനങ്ങളുടെ പക്കലിലില്ലെന്ന ഹരജിക്കാരുടെ വാദവും ഇത് വിശ്വാസമില്ലായ്മയുടെ പ്രശ്നമാണെന്ന് പറഞ്ഞ് തള്ളുകയാണ് ചൊവ്വാഴ്ച സുപ്രീംകോടതി ചെയ്തത്.

വോട്ട് വിലക്കിയെന്ന വിമർശനം നേരിടുന്ന ബിഹാറിലെ തീവ്ര വോട്ടർപട്ടിക പരിശോധന (എസ്.ഐ.ആർ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഒരു കൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. എസ്.ഐ.ആർ പൂർത്തിയാക്കാൻ കമീഷനെ അനുവദിക്കുമെന്ന സൂചനകൂടി നൽകി വല്ല പ്രശ്നങ്ങളുമുണ്ടെങ്കിൽ 2025ലെ വോട്ടർ പട്ടികയിലുള്ളവരെ വോട്ട് ചെയ്യാൻ തങ്ങൾ അനുവദിച്ചാൽ പോരെയെന്ന ചോദ്യവും ജസ്റ്റിസ് സൂര്യകാന്ത് ഉന്നയിച്ചു. പൗരത്വം നോക്കുന്ന പൊലീസാകാൻ കമീഷൻ ഒരുകാലത്തും നോക്കിയിട്ടില്ലെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി ചൂണ്ടിക്കാട്ടിയപ്പോഴാണ് പൗരന്മാരെ വോട്ടർപട്ടികയിൽ ചേർക്കുന്നതും പൗരന്മാരല്ലാത്തവരെ വെട്ടിമാറ്റുന്നതും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ അധികാര പരിധിയിൽപ്പെടുന്നതാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്.

കമീഷൻ ആവശ്യപ്പെട്ട രേഖകൾ ഭൂരിഭാഗം ആളുകളുടെ പക്കലുമില്ലെന്ന കപിൽ സിബലിന്റെ വാദം ഒഴുക്കൻ പ്രസ്താവനയാണെന്ന് പറഞ്ഞ ബെഞ്ച് ഒരാൾ താമസക്കാരനാണെന്ന് അറിയാൻ എന്തെങ്കിലുമൊക്കെ രേഖ ആവശ്യമില്ലേയെന്ന് തിരിച്ചുചോദിച്ചു. 2025ലെ വോട്ടർ പട്ടികയിലുള്ളവരെപോലും വെട്ടിമാറ്റിയെന്ന് സിബൽ ബോധിപ്പിച്ചതിനെ അതുകൊണ്ട് തീവ്ര പരിശോധനയിൽ പട്ടികയിലുണ്ടാകുമെന്ന് കരുതരുതെന്ന് പറഞ്ഞ് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ഖണ്ഡിച്ചു. ആധാറും റേഷൻ കാർഡും നൽകിയാലും പൗരത്വം തെളിയിക്കേണ്ട ബാധ്യതയാണ് ഓരോ വ്യക്തിക്കുമുണ്ടാകുന്നതെന്ന് സിബൽ വാദിച്ചപ്പോൾ ആധാർ നിയമത്തിന്റെ ഒമ്പതാം വകുപ്പ് കാണണം എന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രതികരണം. ആധാർ പൗരത്വത്തിനുള്ള തെളിവല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞത് ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടർ പട്ടികയിൽനിന്ന് കൂട്ടത്തോടെ പുറന്തള്ളലാണ് നടക്കുന്നതെന്ന് ഹരജിക്കാരുടെ ഭാഗത്തുനിന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ബോധിപ്പിച്ചപ്പോൾ ഇതേക്കുറിച്ച് വസ്തുതകളെയും കണക്കുകളെയും അടിസ്ഥാനമാക്കിയേ പറയാനാകൂ എന്ന് സുപ്രീംകോടതി മറുപടി നൽകി. കമീഷൻ പുറത്തുവിട്ട കരട് പട്ടികയിൽ ജീവിച്ചിരിക്കുന്ന 12 പേരെ മരിച്ചവരായി കാണിച്ച് പുറന്തള്ളിയെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടിയപ്പോൾ കമീഷന്റെ അഭിഭാഷകനായ രാകേഷ് ദ്വിവേദി ഇത്രയും വലിയ പ്രക്രിയയിൽ തെറ്റുകളുണ്ടാകുമെന്ന് മറുവാദമുയർത്തി.

യോഗേന്ദ്ര യാദവ് ‘മരിച്ചവരെയും’ കൊണ്ട് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ബിഹാറിൽ തെരഞ്ഞെടുപ്പ് കമീഷൻ തയാറാക്കിയ തീവ്ര വോട്ടർപട്ടിക പരിശോധനക്കുള്ള (എസ്.ഐ.ആർ) കരട് വോട്ടർപട്ടികയിൽ ‘മരിച്ചവർ’ ആയി കാണിച്ച രണ്ടുപേരുമായി പ്രമുഖ സെഫോളജിസ്റ്റ് യോഗേന്ദ്ര യാദവ് നാടകീയമായി സുപ്രീംകോടതി ബെഞ്ചിന് മുന്നിൽ ഹാജരായത് കമീഷൻ ചോദ്യം ചെയ്തു.

എന്നാൽ, വാദമുഖങ്ങൾ തങ്ങൾ അംഗീകരിച്ചാലുമില്ലെങ്കിലും ഏറ്റവും മികച്ച അവതരണമാണ് യോഗേന്ദ്ര യാദവ് നടത്തിയതെന്ന് പറഞ്ഞ് സുപ്രീംകോടതി അദ്ദേഹത്തെ പ്രശംസിച്ചു. ഹരജിക്കാരനല്ലാതിരുന്നിട്ടും സെഫോളജിസ്റ്റ് (തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അവഗാഹമുള്ളയാൾ) എന്ന നിലയിലാണ് ഹരജിക്കാരുടെ അഭിഭാഷകർ വാദം അവസാനിപ്പിച്ചശേഷം തന്റെ വാദമുഖങ്ങൾ അവതരിപ്പിക്കാൻ യോയേന്ദ്ര യാദവിന് സുപ്രീംകോടതി അവസരം നൽകിയത്. ബിഹാറിൽ നടക്കുന്നത് വോട്ടർപട്ടിക പരിഷ്‍കരണമല്ലെന്നും ലോകത്തെ ഏറ്റവും വലിയ വോട്ട് വെട്ടിമാറ്റലാണെന്നും സ്ഥിതിവിവരക്കണക്ക് വെച്ച് സമർഥിച്ചശേഷമാണ് കമീഷന്റെ പരിശോധനയുടെ ആധികാരികത പൊളിച്ച് ‘മരിച്ചവർ’ ആയി കാണിച്ച സ്ത്രീയെയും പുരുഷനെയും ബെഞ്ചിന് മുന്നിൽ ഹാജരാക്കിയത്.

കോടതിയിൽ വന്ന് നാടകം കളിക്കുന്നതിന് പകരം കമീഷൻ വെബ്സൈറ്റിൽ അവരുടെ പേര് അപ് ലോഡ് ചെയ്താൽ മതിയായിരുന്നുവെന്ന് പറഞ്ഞ് രോഷം കൊണ്ട കമീഷന്റെ നിലപാട് സുപ്രീംകോടതി തള്ളിക്കളഞ്ഞു. രാജ്യത്തെ പൗരന്മാർ സുപ്രീംകോടതിയിൽ വന്നതിൽ തങ്ങൾക്ക് അഭിമാനമാണുള്ളതെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഒരു ശുദ്ധീകരണ പ്രക്രിയയാണ് തങ്ങൾ നടത്തുന്നതെന്നും അത് നിർത്തിവെപ്പിക്കുന്നതിന് പകരം തങ്ങളെ സഹായിക്കുകയാണ് വേണ്ടതെന്നും ദ്വിവേദി വാദിച്ചപ്പോൾ വസ്തുതാപരമായ ചില വിഷയങ്ങളാണ് യോഗേന്ദ്ര യാദവ് ഉയർത്തിക്കാട്ടിയതെന്ന് ജസ്റ്റിസ് സൂര്യകാന്തും മറുപടി നൽകി. അതിനോട് തങ്ങൾ പ്രതികരിക്കുമെന്ന് ദ്വിവേദി പറഞ്ഞു.

അവയിൽ ചിലത് പരിഹാര നടപടി ആവശ്യമുള്ളതാണ്. നിങ്ങൾക്ക് കഴിയുമെങ്കിൽ നല്ലനിലക്ക് അക്കാര്യങ്ങളെടുക്കണം. തുടർന്ന് യോഗേന്ദ്ര യാദവിന്റെ അവതരണത്തിന് നന്ദി പറഞ്ഞ ജസ്റ്റിസ് സൂര്യകാന്ത് ഏറ്റവും മികച്ച അവലോകനമാണ് അവതരിപ്പിച്ചതെന്നും കോടതിയെ സഹായിച്ചതിന് നന്ദിയുണ്ടെന്നും കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadhaar cardIndia NewsSupreme Court
News Summary - Aadhaar card is not conclusive proof of citizenship -Supreme Court
Next Story