പശുക്കൾക്ക് ആധാർ കാർഡ് നൽകുമെന്ന് കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: രാജ്യത്തെ ഓരോ പശുക്കൾക്കും അവയുടെ സന്തതികൾക്കും ആധാർ കാർഡ് നൽകുമെന്ന് കേന്ദ്രസർക്കാർ. ഇന്ത്യ-ബംഗ്ളാദേശ് അതിർത്തിയിൽ പശുക്കടത്ത് വ്യാപകമാകുന്നതിനെതിരെ നടപടികൾ സ്വീകരിക്കുമെന്ന് പറയുന്ന സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഈ കമ്മിറ്റി ചില ശിപാർശകൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങൾ ഓരോ ജില്ലയിലും സ്ഥാപിക്കണമെന്നും ഇവക്ക് 500 പശുക്കളെയെങ്കിലും ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടാകണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഉപേക്ഷിക്കപ്പെട്ട പശുക്കളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അതത് സംസ്ഥാന സർക്കാരുകൾക്കായിരിക്കും. കറവ വറ്റിയ പശുക്കളെ സംരക്ഷിക്കാൻ വ്യവസ്ഥയുണ്ടാകണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പശുവിനെ ചൊല്ലിയുള്ള രാഷ്ട്രീയവും അക്രമവും തുടരുന്നതിനിടെയാണ് ആധാർ കാർഡ് ഏർപ്പെടുത്താൻ കേന്ദ്രം തീരുമാനമെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.