ഡൽഹിയിലുള്ളത് അമിത് ഷായുടെ ജനറൽ ഡയർ, മുംബൈയിൽ ‘ക്യൂട്ട്’ പൊലീസ്; സി.ജെ.പി സമരത്തിൽ അഭിജീത് ദീപ്കെ
text_fieldsമുംബൈ: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) മുംബൈയിലെ ശിവാജി പാർക്കിൽ വെള്ളിയാഴ്ച 'ജയിൽ ഭരോ ആന്ദോളൻ' (ജയിൽ നിറയ്ക്കൽ സമരം) ആരംഭിച്ചു. സമരത്തിനിടെ മുംബൈ പൊലീസിന്റെയും ഡൽഹി പൊലീസിന്റെയും സമീപനങ്ങളെ താരതമ്യം ചെയ്ത സിജെപി അധ്യക്ഷൻ അഭീജിത് ദീപ്കെ നടത്തുന്ന പരാമർശങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
മുംബൈ പൊലീസ് വളരെ "ക്യൂട്ട്" ആണെന്നാണ് അഭീജിത് ദീപ്കെ വിശേഷിപ്പിച്ചത്. "എന്നെ കസ്റ്റഡിയിലെടുക്കാൻ മുംബൈ പൊലീസിന് ഉത്തരവുണ്ടായിരുന്നു. എന്നാൽ അവർ വളരെ സൗമ്യമായി ചായ നൽകി സൽക്കരിച്ച ശേഷം മടങ്ങാൻ ആവശ്യപ്പെടുകയാണ് ചെയ്തത്. എന്നാൽ ഡൽഹിയിലെ ഡിസിപി സച്ചിൻ ശർമ ഒരു ക്രൂരനാണ്, അമിത് ഷായുടെ ജനറൽ ഡയറാണ് അദ്ദേഹം," ദീപ്കെ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈ 20-ന് സിജെപി ഡൽഹി ജന്ദർ മന്ദറിൽ നടത്തിയ പാർലമെന്റ് മാർച്ചിനിടെയുണ്ടായ പൊലീസ് നടപടിയെ പരാമർശിച്ചായിരുന്നു ദീപ്കെയുടെ പ്രസ്താവന. അന്ന് പട്ടേൽ ചൗക്കിനും മണ്ഡി ഹൗസിനും സമീപം ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു. പ്രക്ഷോഭത്തെ തുടർന്ന് രാജീവ് ചൗക്ക്, ജൻപഥ്, സെൻട്രൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള മെട്രോ സ്റ്റേഷനുകൾ അടച്ചിടേണ്ടി വരികയും ഡൽഹിയിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്തിരുന്നു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) പ്രക്രിയയിലെ ക്രമക്കേടുകൾക്കെതിരെയാണ് സിജെപിയും വിവിധ സിവിൽ സൊസൈറ്റി സംഘടനകളും ശിവജി പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ തുടക്കമാണ് മുംബൈയിലേതെന്ന് സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. സിജെപി സംഘടിപ്പിച്ച പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി സിനിമാ താരങ്ങളായ നസീറുദ്ദീൻ ഷാ, ശബാന ആസ്മി, വിശാൽ ദദ്‌ലാനി തുടങ്ങിയ പ്രമുഖർ നേരത്തെ രംഗത്തെത്തിയിരുന്നു.
അതേസമയം, പ്രതിഷേധത്തിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രചരിപ്പിക്കുന്ന "വ്യാജ പ്രചാരണങ്ങളുടെ" നിജസ്ഥിതി മൂന്ന് ഇലക്ഷൻ കമ്മീഷണർമാരുടെയും വാർത്താസമ്മേളനത്തോടെ പൊളിഞ്ഞതായി ഫഡ്‌നാവിസ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

