സ്കൂളിൽ കയറിയതിന് കേസ്; കിഷോർ കുമാറിന്റെ ഗാനത്തിലെ വരികൾ പങ്കുവെച്ച് അഭിജീത് ദീപ്കെയുടെ പ്രതികരണം
text_fieldsമുംബൈ: സ്കൂളിൽ കയറിയതിന് കേസെടുത്ത മഹാരാഷ്ട്ര പൊലീസിന്റെ നടപടിയോട് വ്യത്യസ്ത രീതിയിൽ പ്രതികരിച്ച് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ. അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ലാത്തൂർ പൊലീസാണ് കേസെടുത്തത്.
മുംബൈയിൽനിന്ന് 500 കിലോമീറ്റർ അകലെയുള്ള ലാത്തൂർ ഓസയിലെ ഉർദു സ്കൂളിലെ അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കിഷോർ കുമാറിന്റെ ‘യേ ജീവൻ ഹേ’ എന്ന ഗാനത്തിലെ വരികൾ എക്സിൽ പങ്കുവെച്ചാണ് ദീപ്കെ പ്രതികരിച്ചത്. ‘ഇതാണ് ജീവിതം, ഈ ജീവിതത്തിന്റെ സ്വഭാവം ഇതാണ്...’ എന്ന അർഥം വരുന്നതാണ് ഗാനത്തിലെ വരികൾ. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ഒരു മീമും ഈ വാർത്തക്കൊപ്പം അദ്ദേഹം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്കൂളിൽ അതിക്രമിച്ചു കയറി വിദ്യാർഥികളോട് സംസാരിക്കുകയും സ്കൂളിന്റെ അവസ്ഥയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്ത ദീപ്കെയും സംഘവും ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചെന്നാണ് പ്രധാന ആരോപണം. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നതിനായി പൊതുപ്രവർത്തകനെ ആക്രമിക്കുകയോ ബലം പ്രയോഗിക്കുകയോ ചെയ്യൽ, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ, മാനനഷ്ടം വരുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15നാണ് സി.ജെ.പി 'സ്കൂൾ തിക്ക് കരോ' എന്ന ക്യാമ്പയിൻ ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി തുടങ്ങിയത്. എന്നാൽ സന്ദർശനത്തിനിടെ ഇവർ സ്കൂളിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചെന്നും മറ്റൊരു സ്കൂളിൽ നിന്നുള്ള കുട്ടികളെ കൊണ്ടുവന്ന് ക്ലാസിൽ ഇരുത്തി തെറ്റായ പ്രചാരണം നടത്തിയെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

