‘ജയിലിലുള്ള എന്റെ സഹോദരങ്ങൾ പുറത്തിറങ്ങാൻ കാത്തിരിക്കുന്നു’; ജാമ്യത്തിന് പിന്നാലെ എക്സിൽ കുറിപ്പുമായി അഭിജീത് ദിപ്കെ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ഉപാധികളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെ സഹപ്രവർത്തകരുടെ മോചനത്തിനായി കാത്തിരിക്കുകയാണെന്ന വൈകാരിക കുറിപ്പുമായി സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ. സമൂഹമാധ്യമമായ എക്സിലെ പോസ്റ്റിലാണ് ജാമ്യം ലഭിച്ചതിന് പിന്നാലെയുള്ള ദിപ്കെയുടെ ആദ്യ പ്രതികരണം. സി.ജെ.പിയുടെ മറ്റ് നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ദിപ്കെയുടെ പ്രതികരണം. 'ഇനി എന്റെ സഹോദരങ്ങൾ കൂടി സ്വതന്ത്രരാകുന്നതിനായി കാത്തിരിക്കുകയാണ്' എന്നായിരുന്നു കുറിപ്പ്. ഇരുവരും നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
എസ്.ഐ.ആറിൽ വൻരീതിയിൽ വോട്ടുവെട്ടി കൃത്രിമം കാണിച്ചതിനെച്ചൊല്ലി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച സംഘടിപ്പിച്ച തിരംഗ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ദിപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഝണ്ഡേവാലാൻ പ്രദേശത്തെ വസതിയിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു നടപടി.
അതേസമയം, സമാധാനം പാലിക്കുന്നതിനായുള്ള പീസ് ബോണ്ടിൽ ഒപ്പുവെച്ചതിനുശേഷമാണ് ദിപ്കെയെ വിട്ടയച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ രേഖാമൂലമുള്ള ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്ത ദിപ്കെയുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. ദിപ്കെയെ ഇന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് കോടതിയിൽ ഹാജരാക്കുമെന്ന് സി.ജെ.പി നിയമവിഭാഗം അറിയിച്ചിരുന്നു. ഝാന്ദേവാലനിൽ നിന്നാണ് ദിപ്കെയെ കസ്റ്റഡിയിലെടുത്തത്. അതേസമയം, ദിപ്കെയെ പൊലീസ് "തട്ടിക്കൊണ്ടുപോയതാണെന്ന്" ആരോപിച്ച സി.ജെ.പി, കസ്റ്റഡിയിലെടുത്ത് 10 മണിക്കൂറിലധികമായി കുടുംബത്തിനോ അഭിഭാഷകർക്കോ പാർട്ടി പ്രവർത്തകർക്കോ അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും അറിയിച്ചിരുന്നു. 'ഡൽഹി പൊലീസ് അഭിജീത് ദിപ്കെയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അഭിഭാഷകരോട് സംസാരിക്കാൻ പോലും അനുവദിക്കുന്നില്ല' എന്ന് വ്യക്തമാക്കി സി.ജെ.പി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

