കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു; ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി അഭിഷേക് ബാനർജി
text_fieldsഅഭിഷേക് ബാനർജി
കൊൽക്കത്ത: കൊൽക്കത്തയിലെ കാമാക് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന തൃണമൂൽ കോൺഗ്രസ് ഓഫീസ് മുഖംമൂടി ധരിച്ചെത്തിയ സംഘം അടിച്ചുതകർത്തു. പാർട്ടി ഓഫീസിലെ ഫർണിച്ചറുകളും ടിവിയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും തകർക്കുകയും മോഷ്ടിക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആരോപിച്ചു. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
രണ്ട് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസാണ് വ്യാഴാഴ്ച പുലർച്ചെയോടെ ആക്രമിക്കപ്പെട്ടത്. ആയുധങ്ങളുമായി എത്തിയ അക്രമികൾ സെക്യൂരിറ്റി ജീവനക്കാരെയും സ്റ്റാഫുകളെയും മർദ്ദിക്കുകയും ഫോണുകൾ പിടിച്ചുവാങ്ങുകയും ചെയ്ത ശേഷം ഓഫീസിനുള്ളിൽ അതിക്രമിച്ചുകയറി അക്രമം അഴിച്ചുവിടുകയായിരുന്നു. “ഇന്നത്തെ പുലർച്ചെ ബി.ജെ.പി എന്റെ പാർട്ടി ഓഫീസിന് ചെയ്തുകൂട്ടിയ കാര്യമാണിത്” എന്ന് അഭിഷേക് ബാനർജി എക്സിൽ കുറിച്ചു.
സംഭവത്തിൽ പശ്ചിമ ബംഗാൾ ഗവർണർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവർ മൗനം വെടിഞ്ഞ് നടപടിയെടുക്കുമോ എന്ന് അഭിഷേക് ബാനർജി ചോദിച്ചു. സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളും ഗുണ്ടായിസവും ഭയപ്പെടുത്തലുകളും തടയാൻ കൊൽക്കത്ത ഹൈകോടതി ഉൾപ്പെടെയുള്ള ജുഡീഷ്യറി സ്വമേധയാ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ അക്രമങ്ങളിലൂടെയും ഭീഷണിയിലൂടെയും നേരിടാനാണ് ശ്രമിക്കുന്നതെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ ഇതുവരെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ടി.എം.സിപുലർച്ചെ 4:30ഓടെയാണ് ആക്രമണം നടന്നതെന്നും, സംഭവസ്ഥലത്ത് അക്രമം നടക്കുന്ന സമയത്ത് പൊലീസിനെ പലതവണ ഫോണിലും ഇമെയിൽ വഴിയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ട് മണിക്കൂറോളം യാതൊരു പ്രതികരണവുമുണ്ടായില്ലെന്നും ടി.എം.സി ഐ.ടി സെൽ ഇൻചാർജ് ഉപാശന ചൗധരി ആരോപിച്ചു.
മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേദ്ദേശപ്രകാരമാണ് പൊലീസ് സ്ഥലത്തേക്ക് എത്താതിരുന്നതെന്നും അവർ കുറ്റപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമത്തിൽ പങ്കെടുത്ത ബി.ജെ.പി പ്രവർത്തകരെ മുഖം തിരിച്ചറിഞ്ഞ് നിയമപരമായി നേരിടുമെന്നും വെറും എഫ്.ഐ.ആറിൽ ഒതുങ്ങാതെ ശക്തമായ തുടർന്നടപടികൾ സ്വീകരിക്കുമെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

