ഒടുവിൽ കുറ്റവിമുക്തൻ; മുംബൈ സ്‌ഫോടനക്കേസ് പ്രതിയുടെ ഖബറിടത്തിൽ വിധി ഉറക്കെ വായിച്ച് കുടുംബം
text_fieldsനാഗ്പൂർ: 2006 ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട കമാൽ അഹമ്മദ് അൻസാരിയുടെ ഖബറിടത്തിൽ കോടതി വിധി ഉറക്കെ വായിച്ച് കുടുംബം. കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയവെ, നാലുവർഷം മുമ്പാണ് കമാൽ അൻസാരി മരിച്ചത്.
ബീഹാറിലെ മധുബാനി സ്വദേശിയായ അൻസാരി 2006ലാണ് കേസിൽ അറസ്റ്റിലാവുന്നത്. ഭാര്യയെയും അഞ്ച് കുട്ടികളുമടങ്ങുന്നതായിരുന്നു അൻസാരിയുടെ കുടുംബം. പ്രദേശത്ത് നടത്തിയിരുന്ന ചെറിയ ചിക്കൻ കടയിൽ നിന്നും പച്ചക്കറി വിറ്റുമാണ് കുടുംബം ഉപജീവനം കണ്ടെത്തിയിരുന്നത്.
2006 ലെ മുംബൈ ട്രെയിൻ സ്ഫോടന കേസിൽ വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിൽ 2015ലാണ് പ്രത്യേക മക്കോക്ക (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം) കോടതി 12 പേരെ കുറ്റക്കാരായി കണ്ടെത്തിയത്. തുടർന്ന്, അൻസാരി ഉൾപ്പെടെ അഞ്ച് പേർക്ക് വധശിക്ഷ വിധിച്ചു.
കേസിൽ വിചാരണ പുരോഗമിക്കെ 16 വർഷമാണ് അൻസാരി ജയിലിൽ കഴിഞ്ഞത്. 2021ൽ, കോവിഡ് മഹാമാരിയുടെ സമയത്ത് നാഗ്പൂർ സെൻട്രൽ ജയിലിൽ വെച്ച് അൻസാരി മരിച്ചു. കേസിൽ മുംബെ ഹൈകോടതി വാദം കേൾക്കുന്നതിനിടെയായിരുന്നു അൻസാരിയുടെ മരണം.
തുടർന്ന്, തെളിവുകളിലെ പാകപ്പിഴ, സംശയാസ്പദമായ സാക്ഷി മൊഴികൾ, കുറ്റസമ്മതത്തിലെ പിശകുകൾ എന്നിവ ചൂണ്ടിക്കാട്ടി 2025 ജൂലൈ 21ന് എല്ലാ ശിക്ഷകളും റദ്ദാക്കിയ ബോംബെ ഹൈകോടതി 12 പ്രതികളെയും കുറ്റവിമുക്തരാക്കുകയായിരുന്നു.
ഞായറാഴ്ച അൻസാരിയുടെ ഖബറിടത്തിനരികെ ഇളയ സഹോദരൻ ജമാൽ അഹമ്മദ് അടക്കമുള്ളവർ എത്തിയിരുന്നു. ഒരു പതിറ്റാണ്ട് മുമ്പ് പ്രത്യേക മക്കോക്ക കോടതി കുറ്റവിമുക്തനാക്കിയ കേസിലെ ഏക പ്രതി ഡോ. അബ്ദുൾ വാഹിദ് ഷെയ്ഖും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
‘കോടതി അദ്ദേഹത്തിന് അവസാനം നീതി നൽകി, പക്ഷേ നഷ്ടപ്പെട്ട 16 വർഷങ്ങളുടെ കാര്യമോ? അദ്ദേഹത്തിന്റെ കുട്ടികൾ അഛന്റെ സാന്നിധ്യമില്ലാതെ വളർന്നു. ഭാര്യയാകട്ടെ അപമാനിതയായാണ് ഇക്കാലമത്രയും ജീവിതം തള്ളിനീക്കിയത്. ശവകുടീരത്തിങ്കലെങ്കിലും അദ്ദേഹം കുറ്റവാളിയല്ലെന്ന് കോടതിവിധി വായിച്ചറിയിക്കട്ടെ’-സഹോദരൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.