രാഹുൽ ഗാന്ധിക്കെതിരായ നടപടി: രാജ്യമെങ്ങും പ്രതിഷേധം, രാജ്ഘട്ടിൽ ഇന്ന് സത്യഗ്രഹം
text_fieldsതിരുച്ചി റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ട്രെയിൻ തടയൽ സമരം
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ മാനനഷ്ടക്കേസിൽ ശിക്ഷിച്ചതിനും എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനുമെതിരെ രാജ്യവ്യാപക പ്രതിഷേധം. വിവിധ നഗരങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങി. മഹാരാഷ്ട്രയിലെ താണെയിൽ ഡോ. അംബേദ്കർ പ്രതിമക്ക് സമീപം പ്രതിഷേധിച്ച പ്രവർത്തകർ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. നാസിക്കിലും പ്രകടനം നടത്തി.
ഗുവാഹതിയിൽ കോൺഗ്രസ് പ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. എം.എൽ.എ ഹൗസിങ് കോംപ്ലക്സിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് സമീപം പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ നേതാവ് ദേബബത്ര സൈകിയ, ഉപനേതാവ് റാകിബുൽ ഹുസൈൻ എന്നിവരും കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു.
തമിഴ്നാട്ടിലെ മുഴുവൻ ജില്ല കേന്ദ്രങ്ങളിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങി. ചെന്നൈ-ബംഗളൂരു ദേശീയപാതയിൽ പൂന്ദമല്ലി നസ്റത്ത്പേട്ട് സിഗ്നൽ ജങ്ഷനിൽ കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ കത്തിച്ചത് സംഘർഷത്തിനിടയാക്കി. 20ഓളം കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈറോഡിലെ മൂലപാളയത്ത് മനുഷ്യച്ചങ്ങല തീർത്താണ് പ്രതിഷേധിച്ചത്. നാഗർകോവിലിൽ കലക്ടറേറ്റ് ഓഫിസ് പിക്കറ്റ് ചെയ്തു. കന്യാകുമാരി കരുങ്കലിൽ ഉപരോധ സമരം നടത്തിയ നൂറിലധികം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുച്ചിയിൽ റെയിൽവേ സ്റ്റേഷനിലെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജനശതാബ്ദി ട്രെയിൻ തടഞ്ഞു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പുതുക്കോട്ട, രാമേശ്വരം, ശിവഗംഗ, മധുര, ആരണി, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധ പരിപാടികൾ നടന്നു.
രാജ്ഘട്ടിൽ ഇന്ന് കോൺഗ്രസ് സത്യഗ്രഹം
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ദേശീയതലത്തിൽ പ്രതിഷേധത്തിന് തുടക്കമിട്ട് എ.ഐ.സി.സി നേതൃത്വം ഞായറാഴ്ച രാജ്ഘട്ടിൽ സത്യഗ്രഹമിരിക്കും. രാവിലെ 10 മുതൽ ആരംഭിക്കുന്ന സത്യഗ്രഹത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവരടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.