നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റില്ല
text_fieldsന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വർഗീസിന്റെ കോടതിയിൽനിന്ന് മാറ്റണമെന്ന അതിജീവിതയുടെ ഹരജി സുപ്രീംകോടതി തള്ളി. ആവശ്യം അംഗീകരിച്ചാൽ കീഴ് കോടതികളുടെ മനോവീര്യത്തെ ദോഷകരമായി ബാധിക്കുമെന്നും തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജഡ്ജിയുടെ ഭർത്താവുമായി ബന്ധപ്പെട്ട കേസ് പരാമർശിച്ച അതിജീവിതയുടെ അഭിഭാഷകനോട്, ഇതെങ്ങനെ ജഡ്ജിയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ടതാകുമെന്നും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പക്ഷപാതം ആരോപിച്ചുള്ള എല്ലാ ഹരജികളും അനുവദിക്കാൻ സുപ്രീംകോടതിക്കാവില്ല. അങ്ങനെ ചെയ്താൽപിന്നെ ഭയമോ പക്ഷപാതമോ ഇല്ലാതെ തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കാൻ ജഡ്ജിമാർക്കാവില്ല. വിചാരണ കോടതിക്കോ ജഡ്ജിക്കോ തെറ്റുപറ്റിയിട്ടുണ്ടോ എന്ന് ഹൈകോടതിക്കാണ് അറിയുക. ഇത്തരം വിഷയങ്ങളിൽ ഹൈകോടതി വിധി അന്തിമമാകേണ്ടതാണ്. ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജിമാര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉയരുന്നതില്‍ ആശങ്കയുണ്ട്. പല വിചാരണ കോടതി ജഡ്ജിമാര്‍ക്കും ക്രിമിനല്‍ കേസുകള്‍ കേള്‍ക്കാന്‍ താൽപര്യമില്ലെന്നും കോടതി പറഞ്ഞു.
കേസില്‍ നീതിപൂര്‍വകമായ വിചാരണ നടക്കില്ലെന്ന ആശങ്ക കാരണമാണ് വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന് അതിജീവിതക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ ആര്‍. ബസന്ത് ബോധിപ്പിച്ചു. ഇക്കാര്യം സ്ഥാപിക്കാനായി മുന്നോട്ടുവെച്ച വാദങ്ങൾ കോടതി തള്ളി.
വിചാരണ തടസ്സപ്പെടുത്താനും നീട്ടിക്കൊണ്ടുപോകാനുമുള്ള നീക്കമാണ് അതിജീവിതയുടേതെന്നും മുമ്പും ഇതിന് ശ്രമിച്ചിട്ടുണ്ടെന്നും ദിലീപിന്റെ അഭിഭാഷകൻ മുൻ അറ്റോർണി ജനറൽ മുകുൾ രോഹ്തഗി വാദിച്ചു. ഇതിന് കോടതി ചെലവ് ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിചാരണക്കോടതിക്കെതിരായ വാദങ്ങൾ തള്ളി സുപ്രീം കോടതി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ നിലവിലെ വിചാരണക്കോടതി മാറ്റണെമന്ന ഹരജിയിൽ അതിജീവിതയുടെ ആവശ്യങ്ങളെല്ലാം തള്ളി സുപ്രീം കോടതി. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറ്റിയത് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കാനുള്ള ആവശ്യം നിരസിച്ചത്, ക്രോസ് വിസ്താരത്തിൽ മാന്യമല്ലാത്ത ചോദ്യങ്ങൾ അതിജീവിതയോട് ചോദിച്ചത്, ശത്രുതപരമായ അന്തരീക്ഷത്തിൽ രണ്ട് പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർമാർ പിന്മാറിയത് തുടങ്ങിയവ വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിന്റെ പക്ഷപാതിത്വത്തിനുള്ള തെളിവായി അതിജീവിതയുടെ അഭിഭാഷകൻ ആർ. ബസന്ത് ഉന്നയിച്ചുവെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല.
ജഡ്ജി കൃത്യനിർവഹണം ശരിയായി നിർവഹിക്കാത്തതിന്റെ ഉദാഹരണമുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചപ്പോൾ, പ്രതി ദിലീപ് അഭിഭാഷകനുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയുണ്ടെന്നും അതിൽ ജഡ്ജി ഹണി എം. വർഗീസിന്റെ ഭർത്താവുമായി ബന്ധപ്പെട്ട കേസ് പരാമർശിക്കുന്നുണ്ടെന്നും അഡ്വ. ബസന്ത് മറുപടി നൽകി. അതെങ്ങനെ വിചാരണ കോടതി ജഡ്ജിയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ടതാകുമെന്ന് ചോദിച്ച ബെഞ്ച്, ദിലീപുമായി ജഡ്ജി ഹണി എം. വർഗീസ് നേരിട്ടോ അല്ലാതെയോ ആശയ വിനിമയം നടത്തിയ സംഭവമുണ്ടായിട്ടുണ്ടോ എന്നും ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.