തിഹാർ ജയിലിൽ അഫ്താബ് പൂനവാലക്ക് ഭീഷണി; പ്രത്യേക സെല്ലിലേക്ക് മാറ്റാൻ നിർദേശം
text_fieldsന്യൂഡൽഹി: ശ്രദ്ധ വാക്കർ കൊലക്കേസ് പ്രതി അഫ്താബ് അമീൻ പൂനാവാലക്ക് തിഹാർ ജയിലിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഡൽഹി കോടതി ഉത്തരവിട്ടു. സഹതടവുകാരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന അഫ്താബിന്റെ പരാതിയെ തുടർന്നാണ് ഈ നടപടി.
കഴിഞ്ഞ പത്ത് ദിവസമായി ചില തടവുകാർ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നാണ് അഫ്താബ് കോടതിയെ അറിയിച്ചത്. മുഖത്ത് മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കുമെന്നാണ് ഭീഷണി. ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുന്ന അഞ്ച് തടവുകാരുടെ പേരുകളും ഇയാൾ കോടതിക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ പേരുകൾ പുറത്തുവിട്ടിട്ടില്ല.
വിചാരണ നേരിടുന്ന തടവുകാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി. പ്രതിയുടെ സുരക്ഷയും നീതിപൂർവമായ വിചാരണയ്ക്കുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. 2024 മാർച്ചിലും അഫ്താബിന്റെ ജയിൽ സുരക്ഷ സംബന്ധിച്ച വിഷയം ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിൽ വന്നിരുന്നു. അന്ന് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ സെല്ലിന് പുറത്തു സമയം ചെലവഴിക്കാൻ കോടതി നിർദേശിച്ചിരുന്നു.
നിലവിൽ തിഹാർ ജയിലിലെ 4എ നമ്പർ വാർഡിലാണ് അഫ്താബ് കഴിയുന്നത്. ഇയാളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകി. ആവശ്യമെങ്കിൽ മറ്റ് തടവുകാരിൽനിന്ന് മാറ്റി പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്നും സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2022ലാണ് 27കാരിയായ ശ്രദ്ധ വാക്കറെ കൊലപ്പെടുത്തിയ കേസിൽ അഫ്താബ് അറസ്റ്റിലായത്. ശ്രദ്ധയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തെന്നാണ് അഫ്താബിനെതിരായ കേസ്. കേസിൽ വിചാരണ നടപടികൾ തുടരുകയാണ്.

