രാഹുലിനുനേരെ ആക്രമണം: ബി.ജെ.പി നേതാവ് അറസ്റ്റിൽ
text_fieldsഅഹ്മദാബാദ്/ന്യൂഡൽഹി: ഗുജറാത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു നേരെയുണ്ടായ ആക്രമണ ത്തിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. ബനാസ്കന്ത ജില്ല യുവമോർച്ച സെക്രട്ടറി ജയേഷ് ദർജി എന്ന അനിൽ റാഥോഡ് ആണ് അറസ്റ്റിലായത്. ജയേഷ് ദർജിയും മറ്റ് മൂന്നു പേരും ചേർന്നാണ് കാറിന് കല്ലെറിഞ്ഞതെന്നു കാണിച്ച് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പൃഥ്വിരാജ് കത്ത്വാഡിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ബനാസ്കന്ത പൊലീസ് സൂപ്രണ്ട് നീരദ് ബദ്ഗുജർ പറഞ്ഞു.
വെള്ളിയാഴ്ച ഗുജറാത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയപ്പോഴാണ് രാഹുലിെൻറ കാറിനുനേരെ ധനേര ടൗണിൽ ആക്രമണമുണ്ടായത്. കാറിെൻറ പിറകിലെ ഡോറിെൻറ ഗ്ലാസ് തകർന്നെങ്കിലും രാഹുൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിനു പിന്നിൽ ആർ.എസ്.എസും ബി.ജെ.പിയുമാണെന്ന് രാഹുൽ ഗാന്ധി ഡൽഹിയിൽ പറഞ്ഞു.
ഇതാണ് ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രീയ രീതി. ബി.ജെ.പിയും പ്രധാനമന്ത്രി മോദിയും സംഭവത്തെ ഇതുവരെ അപലപിച്ചിട്ടില്ലല്ലോയെന്ന് ചോദിച്ചപ്പോൾ അവരുടെ ആളുകൾ നടത്തിയ ആക്രമണത്തെ അവർതന്നെ എങ്ങനെയാണ് അപലപിക്കുകയെന്ന് അദ്ദേഹം ചോദിച്ചു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ആക്രമണത്തെ അപലപിച്ചു. ആസൂത്രിത കൊലപാതക ശ്രമമാണ് രാഹുലിനു നേരെ നടന്നതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. എസ്.പി.ജി സംരക്ഷണമുള്ള രാഹുലിന് ആവശ്യമായ സുരക്ഷ ഏർപ്പെടുത്താതിരുന്ന ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെ ആസാദ് വിമർശിച്ചു. ഒന്നരക്കിലോ വരുന്ന കോൺക്രീറ്റ് കട്ടയാണ് രാഹുലിനുനേരെ എറിഞ്ഞത്. കല്ല് രാഹുലിെൻറ ദേഹത്ത് കൊണ്ടിരുന്നെങ്കിൽ അത് ഗുരുതരമാകുമായിരുന്നുവെന്ന് ആസാദ് പറഞ്ഞു.
സംസ്ഥാന സർക്കാർ നൽകിയ ബുള്ളറ്റ് പ്രൂഫ് കാർ രാഹുൽ ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ചില അവസരങ്ങളിൽ ജനങ്ങളോട് സംവദിക്കാൻ സാധാരണ വാഹനം തന്നെ ഉപയോഗിക്കേണ്ടിവരുമെന്ന് ലോക്സഭയിലെ കോൺഗ്രസ് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെയും നേതാക്കളെയും അക്രമത്തിലൂടെ അടിച്ചമർത്തുന്ന പ്രത്യയശാസ്ത്രമാണ് ബി.ജെ.പിക്കും ആർ.എസ്.എസിനുമുള്ളതെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു. ആക്രമണത്തിൽ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.