അനിൽ അംബാനിയെ വഞ്ചകനെന്ന് മുദ്രകുത്തി ബാങ്ക് ഓഫ് ഇന്ത്യയും
text_fieldsന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നാലെ, റിലയൻസ് കമ്യൂണിക്കേഷൻസിനെയും മുൻ ഡയറക്ടർ അനിൽ അംബാനിയെയും വഞ്ചകരെന്ന് മുദ്രകുത്തി ബാങ്ക് ഓഫ് ഇന്ത്യയും. 2016ൽ കമ്പനി നടത്തിയ ഫണ്ട് വകമാറ്റൽ ചൂണ്ടിക്കാട്ടിയാണ് നടപടി.
2016ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിലയൻസ് കമ്യൂണിക്കേഷൻസിന് 700 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. മൂലധനത്തിലേക്കും പ്രവർത്തന ചെലവിലേക്കും ബാധ്യതകൾ തീർക്കുന്നതിലേക്കുമാണ് വായ്പ അനുവദിച്ചതെങ്കിലും ഇതിന്റെ പകുതി കമ്പനി സ്ഥിര നിക്ഷേപമാക്കി മാറ്റി.
ഇത് ബാങ്കുമായുള്ള കരാറിന് വിരുദ്ധമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിലയൻസ് കമ്യൂണിക്കേഷൻസിനെയും മുൻ ഡയറക്ടർമാരായ അനിൽ അംബാനിയെയും മഞ്ജരി അശോക് കാക്കറിനെയും വഞ്ചകരെന്ന് മുദ്രകുത്തി ഈമാസം 22ന് കത്തയച്ചത്.
കഴിഞ്ഞ ദിവസം, അനിൽ അംബാനിയുമായും ബന്ധപ്പെട്ട സ്ഥലങ്ങളിൽ സി.ബി.ഐ പരിശോധന നടന്നിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐക്ക് രണ്ടായിരം കോടി നഷ്ടമായെന്ന കേസിലാണ് പരിശോധന. അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ നേരത്തെ ഇ.ഡിയും റെയ്ഡ് നടത്തിയിരുന്നു.
വിവിധ ധനകാര്യസ്ഥാപനങ്ങളിൽ അനിൽ അംബാനി നടത്തിയ 17,000 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. വിവിധ അന്വേഷണ, റെഗുലേറ്റിങ് ഏജൻസികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി പരിശോധന അന്ന് നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.