പരസ്പരവിശ്വാസത്തോടെ ബന്ധം മുന്നോട്ട് കൊണ്ടു പോകുന്നതിൽ ഇന്ത്യയും ചൈനയും പ്രതിജ്ഞാബദ്ധരാണ് -നരേന്ദ്ര മോദി
text_fieldsനരേന്ദ്ര മോദി, ഷീ ജിങ്പിങ്
ബീജിങ്: പരസ്പരവിശ്വാസത്തോടെ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയും ചൈനയും പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങുമായി ഏഴ് വർഷത്തിന് ശേഷം നടത്തിയ കൂടിക്കാഴ്ചയിലാണ് മോദിയുടെ പരാമർശം. അതിർത്തിയുടെ മാനേജ്മെന്റിനായി ഒരു കരാറിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
കൈലാസ് മാനസരോവർ യാത്ര പുനഃരാരംഭിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ വൈകാതെ നേരിട്ടുള്ള വിമാന സർവീസുകൾ വൈകാത പുനഃരാരംഭിക്കും. ഇരു രാജ്യങ്ങളിലേയും 2.8 ബില്യൺ ജനങ്ങളുടെ ക്ഷേമം നമ്മൾ തമ്മിലുള്ള സഹകരണത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്.സി.ഒയുടെ ചെയർമാൻ സ്ഥാനം വഹിക്കുന്ന ഷീ ജിങ്പിങ്ങിനെ നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയ്തു. ഷീ ജിങ് പിങ്ങിന്റെ ക്ഷണത്തിന് നന്ദി അറിയിക്കുകയാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. അതിർത്തിയിൽ സംഘർഷങ്ങളെ തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തുവെങ്കിലും ചർച്ചകളിലൂടെ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഏഴ് വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ചൈനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്നത്. എസ്.സി.ഒ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങുമായി കുടിക്കാഴ്ച നടത്തുന്നതിനുമാണ് മോദിയുടെ ചൈന സന്ദർശനം. ഗൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് മോദി ചൈനയിലെത്തുന്നത്.
യുക്രെയ്‌നിലെയും ഗസ്സയിലെയും യുദ്ധം, ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് എന്നിവയിൽനിന്ന് ഉടലെടുത്ത ആഗോള പ്രതിസന്ധികൾക്കിടെയാണ് മോദിയുടെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.
മാർച്ചിൽ യു.എസ് ചൈനീസ് ഉൽപന്നങ്ങൾക്ക് നികുതി ചുമത്താൻ ആരംഭിച്ചതോടെയാണ് ഇന്ത്യ -ചൈന ബന്ധം ഊഷ്മളമാക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമായത്. നേരത്തെ ഡൽഹി സന്ദർശന വേളയിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
ജപ്പാൻ സന്ദർശനം പൂർത്തിയാക്കിയാണ് മോദി ചൈനയിലെത്തിയത്.ഇന്ത്യ വാങ്ങാനുദ്ദേശിക്കുന്ന ഇ-10 ഷിങ്കൻസെൻ ബുള്ളറ്റ് ട്രെയിനിന്റെ പ്രോട്ടോടൈപ്പ് നിർമിക്കുന്നത് ഉൾപ്പെടെ നാല് ഫാക്ടറികൾ മോദി സന്ദർശിച്ചിരുന്നു. ചന്ദ്രയാനുള്ള സാങ്കേതിക സഹായം ഉൾപ്പടെ നിരവധി കരാറുകളിൽ മോദി ഒപ്പുവെച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.