അഹ്മദാബാദ് വിമാനദുരന്തം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറി
text_fieldsന്യൂഡൽഹി: അഹ്മദാബാദ് വിമാനദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു. 250ൽ അധികം പേരുടെ മരണത്തിന് കാരണമായ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിനും വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമാണ് അന്വേഷണ സംഘം ചൊവ്വാഴച സമർപ്പിച്ചതെന്ന് ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി.
എ.എ.ഐ.ബി ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഇന്ത്യൻ വ്യോമസേന, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്, വിമാനം രൂപകൽപന ചെയ്ത് നിർമിച്ച രാജ്യത്തെ പ്രതിനിധാനംചെയ്യുന്ന യു.എസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് എന്നിവയിലെ സാങ്കേതിക വിദഗ്ധരും അന്വേഷണ സംഘത്തിൽ ഉൾപ്പെടും.വിമാനത്തിലുണ്ടായിരുന്നു രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെടുത്തിരുന്നു.
വിമാനം പതിച്ച കെട്ടിടത്തിന്റെ മുകളിൽനിന്ന് ജൂൺ 13നാണ് ആദ്യത്തെ ഭാഗം കണ്ടെടുത്തത്. രണ്ടാമത്തെ ഭാഗം ജൂൺ 16ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ലഭിച്ചു. ജൂണ്‍ 25ന് എ.എ.ഐ.ബിയുടെ ഡൽഹിയിലെ ലാബിൽ ബ്ലാക്ക്ബോക്സിലെ മെമ്മറി മൊഡ്യൂള്‍ ആക്സസ് ചെയ്യുകയും ഡേറ്റ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തിരുന്നു.
അഹ്മദാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്ക് ജൂൺ 12ന് ഉച്ചക്ക് 1.38ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിലാണ് എയർ ഇന്ത്യ 171 ബോയിങ് 787- 8 ഡ്രീംലൈനർ സമീപത്തെ മെഡിക്കൽ കോളജ് വിദ്യാർഥി ഹോസ്റ്റലിനുമേൽ തകർന്നുവീണത്.
അതിനിടെ, കെ.സി. വേണുഗോപാൽ അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വ്യോമയാന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും വിമാനക്കമ്പനി പ്രതിനിധികളെയും വിളിപ്പിച്ചിരുന്നു. എയർ ഇന്ത്യ സി.ഇ.ഒ കാംപ്ബെൽ വിൽസൺ അടക്കമുള്ളവർ യോഗത്തിനെത്തി. വിമാനാപകടം സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് തയാറാക്കുന്നത് സംബന്ധിച്ചു എം.പിമാർ ചോദ്യമുയർത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.