‘സ്നേഹമാലാഖ’; ഇനി കണ്ണീരോർമ
text_fieldsഅഹ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിത ആർ. നായരുടെ മകൾ ഇതികയെ പുല്ലാട്ടെ വീട്ടിലെത്തി മന്ത്രി വീണ ജോർജ് ആശ്വസിപ്പിച്ചപ്പോൾ
പത്തനംതിട്ട: മാനത്ത് മറഞ്ഞ രഞ്ജിത വി. നായർ ഇനി കണ്ണീരോർമ. ചിരി മായാത്ത മുഖവുമായി, സഹപ്രവർത്തകരിലും സന്തോഷം നിറച്ചിരുന്ന രഞ്ജിതയുടെ വിയോഗം ഇനിയും സുഹൃത്തുക്കൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. യു.കെയിലെത്തി ഒരുവർഷം പൂർത്തിയാകാനിരിക്കെ അപ്രതീക്ഷിത വിടവാങ്ങലിൽ നീറുകയാണ് സുഹൃദ്വലയം.
ഒമാനിലെ ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന രഞ്ജിത, 2024 ആഗസ്റ്റിലാണ് യു.കെയിലെ പോർട്സ്മൗത്ത് ഹോസ്പിറ്റൽസ് യൂനിവേഴ്സിറ്റി എൻ.എച്ച്.എസ് ട്രസ്റ്റിന്റെ ക്വീൻ അലക്സാന്ദ്രയിൽ നഴ്സായി ജോലിയിൽ പ്രവേശിക്കുന്നത്. കാർഡിയോളജി സി6 യൂനിറ്റിലായിരുന്നു നിയമനം. ഇവിടെനിന്ന് നാല് ദിവസത്തെ അവധിയെടുത്ത് നാട്ടിലെത്തിയശേഷം മടങ്ങുമ്പോഴായിരുന്നു ആകാശദുരന്തം.
2014ൽ രഞ്ജിത ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ സലാല സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സായി പ്രവർത്തിക്കുന്നതിനിടെ, 2019ൽ കേരളത്തിൽ ആരോഗ്യവകുപ്പിൽ ജോലി ലഭിച്ചു. നാട്ടിൽ അവധിക്കെത്തിയപ്പോഴാണ് പി.എസ്.സി പരീക്ഷയെഴുതിയത്. ഇതോടെ ഒമാനിൽനിന്ന് മടങ്ങി കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. എന്നാൽ, മൂന്നുമാസം ജോലി ചെയ്തശേഷം അഞ്ചുവർഷത്തെ അവധിയെടുത്ത് ഒമാനിലേക്ക് മടങ്ങി. കഴിഞ്ഞ വർഷം എൻ.എച്ച്.എസ് നഴ്സായി ജോലി ലഭിച്ചതോടെ യു.കെയിലേക്ക് പോകുകയായിരുന്നു.
ഒമാനിലായിരുന്നപ്പോൾ രഞ്ജിതയുടെ അമ്മയും മക്കളും കൂടെയുണ്ടായിരുന്നു. മക്കള്‍ ഒമാൻ ഇന്ത്യന്‍ സ്കൂൾ വിദ്യാർഥികളായിരുന്നു. യു.കെയിലേക്ക് പോകാന്‍ ഒരുക്കം പൂര്‍ത്തിയായതോടെ മക്കളും അമ്മയും നാട്ടിലേക്ക് മടങ്ങി. തുടർന്ന് മക്കളെ നാട്ടിലെ സ്കൂളിലും ചേർത്തു. ദാമ്പത്യജീവിതത്തിലടക്കം പ്രശ്നങ്ങള്‍ രൂപപ്പെട്ടപ്പോഴും ചിരിച്ചുകൊണ്ട് നേരിട്ട രഞ്ജിതയാണ് സുഹൃത്തുക്കളുടെയെല്ലാം ഉള്ളിൽ.
ഒറ്റക്ക് പൊരുതി, കുടുംബത്തിനുവേണ്ടി ജീവിച്ച വ്യക്തിയായിരുന്നു രഞ്ജിതയെന്ന് സുഹൃത്തായ വള്ളംകുളം സ്വദേശി ധന്യ ടി. നായർ പറഞ്ഞു. ‘‘അടുത്ത തവണ അവധിക്ക് വരുമ്പോൾ മൂന്നാറിൽ പോകണമെന്ന് പറഞ്ഞിരുന്നു. യു.കെയിലെ കാലാവസ്ഥ പിടിക്കുന്നില്ല. അധികം വൈകാതെ തിരിച്ചുവരണമെന്നാണ് പറഞ്ഞത്. പക്ഷേ, ഇനിയില്ല’’ -കണ്ണീരടക്കാൻ കഴിയാതെ ധന്യ പറഞ്ഞു. അവധിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ രഞ്ജിത, നാട്ടിലേക്ക് മടങ്ങുന്ന കാര്യമാണ് കൂടുതൽ സംസാരിച്ചതെന്ന് കോഴഞ്ചേരി ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. നിതീഷ് ഐസക് സാമുവേൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.