മുഖ്യമന്ത്രി വിജയ്യുടെ പേരിൽ എ.ഐ ഡീപ്ഫേക് വിഡിയോ; സാമ്പത്തിക തട്ടിപ്പിന് ശ്രമം, കേസെടുത്ത് സി.ബി സി.ഐ.ഡി
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ പേരിൽ എ.ഐ ഡീപ്ഫേക് വിഡിയോ നിർമിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം. സംഭവത്തിൽ തമിഴ്നാട് ക്രൈം ബ്രാഞ്ച് സി.ഐ.ഡി സൈബർ ക്രൈം വിഭാഗം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഫേസ്ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് വ്യാജ വിഡിയോ പ്രചരിക്കുന്നത്. സാമ്പത്തിക സഹായം ആവശ്യമായ പൊതുജനങ്ങൾ വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് വിഡിയോ. വ്യാപകമായി പ്രചരിച്ച വിഡിയോയിൽ വിജയ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതായി തെറ്റായി ചിത്രീകരിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പൊലീസിന്റെ സൈബർ പട്രോളിങ്ങിനിടെയാണ് ഹിന്ദി ഓഡിയോ ഉൾപ്പെട്ട എ.ഐ ഡീപ്ഫേക് വിഡിയോ ശ്രദ്ധയിൽപ്പെട്ടത്. സാമ്പത്തിക സഹായം ആവശ്യമുള്ളവർ വിഡിയോയിൽ നൽകിയിരിക്കുന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടണമെന്നായിരുന്നു സന്ദേശം.
മുഖ്യമന്ത്രിയുടെ രൂപവും ശബ്ദവും ഉപയോഗിച്ചിരിക്കുന്നതിനാൽ യഥാർഥ വിഡിയോയാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ ബന്ധപ്പെടാനും പണം നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. വിഡിയോയുമായി ബന്ധപ്പെട്ട് സൈബർ ക്രൈം വിഭാഗം സെപ്റ്റംബർ ഒന്നിന് പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി സി.ഐ.ഡി സൈബർ ക്രൈം വിഭാഗം കേസ് രജിസ്റ്റർ ചെയ്തത്. വ്യാജ വിഡിയോ നിർമിച്ച് പ്രചരിപ്പിച്ചവരെ കണ്ടെത്തുന്നതിനാണ് അന്വേഷണം.
വ്യാജ ഫേസ്ബുക് ഐ.ഡിയും ലോഗിനുകളും സംബന്ധിച്ച വിവരങ്ങൾ തേടി സി.ബി സി.ഐ.ഡി മെറ്റയെ സമീപിച്ചു. വ്യാജ വിഡിയോ പിൻവലിക്കാൻ അപേക്ഷയും നൽകി.
മുഖ്യമന്ത്രി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന വ്യാജ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവയിൽ ചിലത് പാകിസ്താൻ ആസ്ഥാനമായ ഫേസ്ബുക് അക്കൗണ്ടുകളിൽ നിന്നാണ് പങ്കുവെച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
അതേസമയം, വ്യാജ വീഡിയോയിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിലേക്കോ വാട്സ്ആപ് ഗ്രൂപ്പുകളിലേക്കോ ബന്ധപ്പെടരുതെന്ന് തമിഴ്നാട് പൊലീസ് മുന്നറിയിപ്പ് നൽകി. വിഡിയോയിൽ പറയുന്ന സാമ്പത്തിക സഹായ വാഗ്ദാനങ്ങൾ വിശ്വസിച്ച് പണം കൈമാറരുതെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

