Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ്‌യുടെ ശ്രദ്ധ ഹെയർസ്റ്റൈൽ മാറ്റുന്നതിൽ, കർഷകർ ദുരിതത്തിൽ; പരിഹാസവുമായി എ.ഐ.എ.ഡി.എം.കെ

text_fields
bookmark_border
വിജയ്‌യുടെ ശ്രദ്ധ ഹെയർസ്റ്റൈൽ മാറ്റുന്നതിൽ, കർഷകർ ദുരിതത്തിൽ; പരിഹാസവുമായി എ.ഐ.എ.ഡി.എം.കെ
cancel

ചെന്നൈ: കാവേരി ഡെൽറ്റ മേഖലയിലെ കർഷകർ കടുത്ത ജലക്ഷാമവും കൃഷിനാശവും മൂലം പ്രതിസന്ധിയിലായിരിക്കെ മുഖ്യമന്ത്രി വിജയ്ക്ക് തന്റെ മുടിയുടെ സ്റ്റൈൽ മാറ്റുന്നതിലാണ് ശ്രദ്ധയെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് ആർ.ബി. ഉദയകുമാർ. നടൻ അനിരുദ്ധ് രവിചന്ദറിന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തപ്പോഴുള്ള വിജയ്‌യുടെ പുതിയ ഹെയർസ്റ്റൈൽ ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.കർഷകരുടെ ദുരിതം പരിഹരിക്കാൻ സമയം കണ്ടെത്തുന്നതിനു പകരം മുഖ്യമന്ത്രിയുടെ പുതിയ ലുക്ക് വാർത്തകളിൽ ഇടംപിടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കർഷകരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നടനായിരുന്ന കാലത്ത് വിജയ് തന്റെ ഹെയർസ്റ്റൈലിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിൽ ആർക്കും പരാതിയുണ്ടായിരുന്നില്ലെന്നും എന്നാൽ മുഖ്യമന്ത്രിയായിരിക്കെ അതേ ശ്രദ്ധ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ചെലവഴിക്കേണ്ടതെന്നും ഉദയകുമാർ പറഞ്ഞു. വിജയ്‌യുടെ പുതിയ രൂപഭാവം വാർത്തകളിൽ ശ്രദ്ധനേടുമ്പോഴും കാവേരി ഡെൽറ്റയിലെ കർഷകർ കടുത്ത ദുരിതത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാവേരി ഡെൽറ്റയിലെ ജലക്ഷാമം മൂലം നെൽകൃഷി നശിക്കുകയും കർഷകർ കടക്കെണിയിലാകുന്നുവെന്നും ഉദയകുമാർ പറഞ്ഞു. പുതുക്കോട്ടൈ ജില്ലയിലെ അവുടയാർകോവിൽ താലൂക്കിലെ കുളത്തുക്കുടിയിരുപ്പിൽ ഏഴ് ഏക്കറിൽ സാംബ നെൽകൃഷി ചെയ്തിരുന്ന ചെല്ലദുരൈ എന്ന കർഷകൻ വിളകൾ രണ്ടുതവണ ഉണങ്ങിയതിനെ തുടർന്ന് കടം തിരിച്ചടക്കാനാകാതെ ജീവനൊടുക്കിയ സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാവേരി ഡെൽറ്റ ജില്ലകളിൽ സാധാരണ 18 ലക്ഷത്തിലധികം ഏക്കറിലാണ് സാംബ, മല്ലി കൃഷികൾ നടത്തുന്നത്. മേട്ടൂർ അണക്കെട്ടിൽനിന്ന് ജലവിതരണം വൈകിയതോടെ കുറുവൈ കൃഷി നേരത്തേ തന്നെ നശിച്ചു. പിന്നീട് ലഭിച്ച വെള്ളം കൃഷിയുടെ മുഴുവൻ കാലയളവിനും തികയാതെ വന്നതോടെ സാംബ, മല്ലി കൃഷികളും പ്രതിസന്ധിയിലായെന്നാണ് അദ്ദേഹം പറയുന്നത്. ഡെൽറ്റ മേഖല സന്ദർശിച്ച് വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും നഷ്ടപരിഹാരവും വിള ഇൻഷുറൻസ് തുകയും അടിയന്തരമായി വിതരണം ചെയ്യണമെന്നും ഉദയകുമാർ സർക്കാറിനോട് ആവശ്യപ്പെട്ടു.

കാവേരി ജലവിഹിതവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ നൽകിയ രണ്ട് ഹരജികൾ സുപ്രീംകോടതി തള്ളിയതും സംസ്ഥാനത്തിന് തിരിച്ചടിയായെന്ന് ഉദയകുമാർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ വിജയ് തുടരുന്ന മൗനം കർഷകരിൽ അതൃപ്തിയുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എടപ്പാടി കെ. പളനിസ്വാമിയുടെയും ഭരണകാലത്ത് കർഷകർക്ക് നൽകിയ വരൾച്ചാ ദുരിതാശ്വാസ മാതൃക പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AIADMK Slams Vijay Over Farmer Crisis
Next Story