Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസബർമതിയിലേക്കുള്ള പാത

സബർമതിയിലേക്കുള്ള പാത

text_fields
bookmark_border
സബർമതിയിലേക്കുള്ള പാത
cancel
camera_alt

എ.ഐ.സി.സി സമ്മേളനത്തിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഹസ്തദാനം ചെയ്യുന്നു. കെ.സി വേണുഗോപാൽ സമീപം

അഹ്മദാബാദ്: പുനരുജ്ജീവനത്തിന്റെ ഊർജം തേടി സ്വന്തം വേരി​ലേക്കുള്ള തീർഥയാത്രയിലായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി(എ.ഐ.സി.സി). എ.ഐ.സി.സിയുടെ സബർമതിയിലേക്കുള്ള വരവ് ഒരു തീർഥാടനം പോലെയാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ വിശേഷിപ്പിച്ചത് വെറുതെയല്ല. ബ്രിട്ടീഷ് ഭരണകൂടത്തെ പിടിച്ചുകുലുക്കിയ ഉപ്പു സത്യഗ്രഹത്തിന് 1930 മാർച്ച് 12ന് 79 സത്യഗ്രഹികളുമായി മഹാത്മാഗാന്ധി ദണ്ഡി യാത്ര ആരംഭിച്ച അതേ മണ്ണാണിത്.

ഗ്രാമീണരുടെയും തൊഴിലാളികളുടെയും കർഷകരുടെയും ദരിദ്രരുടെയും പ്രസ്ഥാനമാക്കി മഹാത്മാഗാന്ധി കോൺഗ്രസിനെ പരിവർത്തിപ്പിച്ചത് എങ്ങനെയെന്ന് സബർമതിയിൽ കൊണ്ടുവന്ന് പുതുതലമുറ നേതാക്കളെ പഠിപ്പിക്കുകയായിരുന്നു ഖാർഗെയും രാഹുലും. അടിസ്ഥാന വർഗത്തെ ചേർത്തുനിർത്താതെയും ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങൾക്ക് അധികാര പങ്കാളിത്തം നൽകാതെയും കോൺഗ്രസിന് ഭാവിയില്ലെന്നും ജാതി സെൻസസ് നടത്താതെ കോൺഗ്രസിന് വിശ്രമമില്ലെന്നും വേദിയിലണിനിരന്ന മഹാഭൂരിഭാഗം വരുന്ന മുന്നാക്ക നേതാക്കൾക്ക് മുന്നിലാണ് രാഹുൽ പ്രഖ്യാപിച്ചത്. സബർമതിയിലേക്കുള്ള ഇതേ പാതയാണ് തിരിച്ചുപോകുമ്പോഴും ഇനി കോൺഗ്രസിന്റെ നേതാക്കൾക്കും പ്രവർത്തകർക്കും മുന്നിലുള്ളത്.

ഇഴപിരിക്കാനാകാതെ ഇരു പ്രതിപക്ഷ നേതാക്കളും

ഒരാൾ മറ്റൊരാൾക്ക് അനുപൂരകമെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു പാർലമെന്റിലെ ഇരു സഭകളിലെയും പ്രതിപക്ഷ നേതാക്കൾ നേതൃനിരക്ക് പകർന്നുനൽകിയ ആദർശ പാഠങ്ങൾ. കോൺഗ്രസിന് മുന്നിലുള്ളത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് ഖാർഗെ പറഞ്ഞതിനെ ആദ്യ സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാരോട് മാത്രമായിരുന്നില്ല, സ്വാതന്ത്ര്യ സമരം അംഗീകരിക്കാതിരുന്ന ആർ.എസ്.എസിന്റെ ആദർശത്തോടുകൂടിയായിരുന്നുവെന്ന് രാഹുൽ മുഴുമിച്ചു. ‘ഹിന്ദുവോ മുസ്‍ലിമോ ഏത് സമുദായത്തിൽ നിന്നോ ആകട്ടെ കോൺഗ്രസിന്റെ കണ്ണിൽ എല്ലാവരും തുല്യരാണ്’ എന്ന് 19​46 ജൂൺ 15ന് മഹാത്മാഗാന്ധി പറഞ്ഞതിന്റെ പ്രസക്തി എന്തു മാത്രം ഇന്നുമുണ്ടെന്ന് ഓർമിപ്പിച്ച ശേഷമാണ് മതന്യൂനപക്ഷങ്ങളുടെ അവകാശത്തിൽ അവ​രോടൊപ്പം നിൽക്കുമെന്ന വാക്ക് വഖഫ് ബില്ലിനെതിരെ ഒറ്റക്കെട്ടായി നിന്ന് കോൺഗ്രസ് പാലിച്ചുവെന്ന് ഖാർഗെ പറഞ്ഞത്.

ഗുജറാത്തിലൂടെ ഇന്ത്യ ​പിടിക്കാൻ

മഹാത്മാഗാന്ധി പോലെ സർദാർ പട്ടേലും ആർ.എസ്.എസിന്റെ എതിരാളിയാണെന്നും പട്ടേലിന്റെ പൈതൃകം ബി.ജെ.പി അവകാശപ്പെടുന്നത് പരിഹാസ്യമാണെന്നും ഗുജറാത്തിനെ പഠിപ്പിച്ചാണ് എ.ഐ.സി.സി സമ്മേളനം സമാപിച്ചത്. സംസ്ഥാന ഭരണം തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളുടെ തുടക്കം കൂടിയാണ് ആറര പതിറ്റാണ്ടിനുശേഷം ഗുജറാത്തിലെ സമ്മേളനം. എ.ഐ.സി.സി സമ്മേളന ചരിത്രത്തിലാദ്യമാണ് ഒരു സംസ്ഥാനത്തെ കുറിച്ച് പ്രമേയം പാസാക്കുന്നത്. 2027ൽ ഗുജറാത്തിൽ ​കോൺഗ്രസ് അധികാരത്തിലേറുമെന്ന് രാഹുലും ഖാർ​ഗെയും ഒരേ സ്വരത്തിൽ പ്രഖ്യാപിക്കുന്നത് ഗുജറാത്തിലൂടെ തന്നെ ഇന്ത്യ പിടിക്കണം എന്ന നിലക്കാണ്.

ആദർശ ബോധ്യത്തിൽ തരൂരും പാർട്ടിക്കൊപ്പം

കോൺഗ്രസി​ന്റെ ഈ ആദർ​ശ ബോധ്യത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്നും ഇനിയങ്ങോട്ട് ഈ മാർഗത്തിൽ പ്രവർത്തിക്കാൻ മനസ്സുള്ളവർ മതി ബൂത്ത് തലം തൊട്ട് പാർട്ടി ഭാരവാഹിത്വത്തിലെന്നും മുന്നറിയിപ്പ് നൽകാനും ഇരുവരും മറന്നില്ല. പിന്തുണച്ച് സംസാരിച്ച ശശി തരൂർ ദേശീയതക്ക് കോൺഗ്രസ് നൽകിയ വ്യാഖ്യാനത്തെയും ജില്ല കോൺഗ്രസ് കമ്മിറ്റികൾക്ക് നൽകിയ പുതിയ അധികാരത്തെയും പ്രശംസിച്ചതോടെ ആശയക്കുഴപ്പത്തിന്റെ അവസാന പഴുതുമടഞ്ഞു.

ബി.ജെ.പി ഏജന്റുമാരോടുള്ള രോഷം

മൂന്ന് പതിറ്റാണ്ടായി കോൺഗ്രസിന് ഭരണം കിട്ടാക്കനിയായി മാറിയ ഗുജറാത്തിൽ എ.ഐ.സി.സി സമ്മേളനം തുടങ്ങുന്നതിന് ആഴ്ചകൾക്ക് മുമ്പാണ്, പാർട്ടിയുടെ തിരിച്ചുവരവിന് കോൺഗ്രസിലെ ബി.ജെ.പി ഏജന്റുമാരെ പുറത്താക്കണം എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. രാഹുൽ നടത്തിയ പ്രസ്താവന 100 ശതമാനം ശരിവെച്ചായിരുന്നു എ.ഐ.സി.സി ​സമ്മേളനത്തിൽ ഭൂരിഭാഗം നേതാക്കളുടെയും പ്രസംഗങ്ങൾ. എന്നാൽ, ഈ പ്രതിഭാസം ഗുജറാത്തിൽ പരിമിതമല്ലെന്നും എല്ലാ സംസ്‍ഥാനങ്ങളിലു​മുണ്ടെന്നും ഇത്തരക്കാരെ മാറ്റിനിർത്താതെ കോൺഗ്രസിന് വിജയിക്കാനാവില്ലെന്നും പ്രമേയ ചർച്ചയിൽ രാജസ്ഥാനിലെ രഹനയും ബിഹാറിൽ നിന്ന് കനയ്യ കുമാറും ഉത്തർപ്രദേശിൽ നിന്ന് അലോക് ശർമയും ഒരേ സ്വരത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mallikarjun KhargeAICCRahul Gandhi
News Summary - aicc meeting in sabarmathi
Next Story