മാംസ വിൽപന നിരോധിച്ചതിനെതിരെ ബിരിയാണി പാർട്ടി നടത്തി എ.ഐ.എം.ഐ.എം നേതാവിന്‍റെ പ്രതിഷേധം
text_fieldsമുംബൈ: ആഗസ്റ്റ് 15, 20 തീയതികളിൽ മാംസ വിൽപന നിരോധിച്ച മുനിസിപ്പൽ ഉത്തരവിനെതിരെ പ്രതിഷേധവുമായി ആൾ ഇന്ത്യ മജ്‌ലിസേ -ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) നേതാവും മുൻ എം.പിയുമായ ഇംതിയാസ് ജലീൽ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ തന്റെ വസതിയിൽ ബിരിയാണി പാർട്ടി സംഘടിപ്പിച്ചാണ് ഇംതിയാസ് ജലീൽ പ്രതിഷേധിച്ചത്.
നഗരപരിധിക്കുള്ളിലെ മാംസക്കടകൾ, കശാപ്പുശാലകൾ, മാംസം വിൽക്കുന്ന ഔട്ട്ലെറ്റുകൾ എന്നിവ അടച്ചുപൂട്ടാനാണ് ഛത്രപതി സംഭാജിനഗർ മുനിസിപ്പൽ കോർപ്പറേഷൻ ഉത്തരവിട്ടത്. നാഗ്പൂർ, നാസിക്, മാലേഗാവ് എന്നിവിടങ്ങളിലും സമാനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
മാംസക്കടകൾ അടച്ചിടാനുള്ള ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുനിസിപ്പൽ കമീഷണർക്ക് നിർദ്ദേശം നൽകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ ചിക്കൻ ബിരിയാണിയും വെജിറ്റേറിയൻ വിഭവവും തയാറാക്കിയിട്ടുണ്ട്, മുനിസിപ്പൽ കമ്മീഷണർ വന്നാൽ അദ്ദേഹത്തിന് വെജിറ്റേറിയൻ ഭക്ഷണം നൽകും. എന്ത് കഴിക്കണം എന്ത് കഴിക്കരുത് എന്ന് സർക്കാർ പറയരുത് -അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും സമാനമായ നിരോധനങ്ങളെ വിമർശിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസിയും രംഗത്തെത്തി. ഭരണഘടനാ വിരുദ്ധമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.