ടേക്ക് ഓഫിന് തൊട്ടുമുമ്പ് കോ-പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തി; എയർ ഇന്ത്യ പൈലറ്റിന് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: സൂറിച്ച് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് നടത്തിയ പരിശോധനയിൽ കോ-പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തി. സെപ്റ്റംബർ 6നാണ് സംഭവം. ഇയാളെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു. ആഴ്ചകൾക്ക് മുമ്പ് മറ്റൊരു എയർ ഇന്ത്യ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയ സംഭവത്തിന് തൊട്ടുപിന്നാലെയാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടേക്ക് ഓഫിന് തൊട്ടുമുമ്പ് പൈലറ്റ് മദ്യപിച്ചിട്ടുണ്ടെന്ന സംശയം ഉയർന്നതിനെ തുടർന്ന് അധികൃതർ ഇയാളെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. സൂറിച്ചിൽ വെച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇയാൾ മദ്യം ഉപയോഗിച്ചതായി തെളിഞ്ഞു. രണ്ടാം ഘട്ട പരിശോധനയുടെ അന്തിമ റിപ്പോർട്ട് വരാനിരിക്കുന്നതേയുള്ളൂ. തുടർന്ന് ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. മെഡിക്കൽ പരിശോധനയുടെയും അന്വേഷണത്തിന്റെയും അന്തിമ റിപ്പോർട്ട് ലഭിക്കുന്നത് വരെ ഇയാൾ സസ്പെൻഷനിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. കോ-പൈലറ്റ് പിടിയിലായതിനെ തുടർന്ന് സെപ്റ്റംബർ 6ന് പുറപ്പെടേണ്ടിയിരുന്ന AI 151 വിമാനത്തിന്റെ സർവീസ് തടസ്സപ്പെടുകയും തൊട്ടടുത്ത ദിവസമാണ് വിമാനം ഡൽഹിയിലേക്ക് പറന്നത്.
'വിമാന സുരക്ഷ, റെഗുലേറ്ററി നിബന്ധനകൾ, കമ്പനി നയങ്ങൾ എന്നിവ ലംഘിക്കുന്നതിനോട് എയർ ഇന്ത്യക്ക് സീറോ ടോളറൻസ് നയമാണുള്ളത്. വീഴ്ചകൾ സ്ഥിരീകരിച്ചാൽ കർശനമായ നടപടിയെടുക്കും.' -എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. ഉത്തരവാദിത്തവും സുരക്ഷയും ഉറപ്പാക്കുന്നതിനായി വിമാന ജീവനക്കാർ പ്രൊഫഷണലിസവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് എയർ ഇന്ത്യ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിന് പതിവ് പരിശോധനകളും ബോധവൽക്കരണ പരിപാടികളും ശക്തമാക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഓഗസ്റ്റ് 4ന് ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എഐ-2379 (AI-2379) വിമാനത്തിന്റെ പ്രധാന പൈലറ്റ് രണ്ട് തവണ നടത്തിയ ലഹരിപരിശോധനയിലും കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. ഒഡീഷക്ക് മുകളിലൂടെ പറക്കുമ്പോൾ വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയും ഇതിനെ തുടർന്ന് 20ലധികം യാത്രക്കാർക്കും നാല് ജീവനക്കാർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. 137 യാത്രക്കാരും 8 ജീവനക്കാരുമായി പറന്ന വിമാനം പിന്നീട് ഡൽഹിയിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.
സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട പൈലറ്റ് സുദീപ് വസിഷ്ഠ തനിക്ക് ഉറക്കമില്ലായ്മയുടെ പ്രശ്നമുണ്ടായിരുന്നുവെന്നും അതിനായി കുടുംബ ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ കഴിച്ചിരുന്നുവെന്നുമാണ് വിശദീകരണം നൽകിയത്. തുടർച്ചയായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, തങ്ങളുടെ എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരിപരിശോധന (ഡോപ്പ് ടെസ്റ്റ്) നടത്താൻ എയർ ഇന്ത്യ ഉത്തരവിട്ടിട്ടുണ്ട്. ജീവനക്കാർ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരന്തരമായ നിരീക്ഷണവും കൂടുതൽ കർശന നടപടികളും സ്വീകരിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

