എ.ഐ 171 വിമാന നമ്പർ ഇനി ഉപയോഗിക്കില്ല -എയർ ഇന്ത്യ
text_fieldsവിമാന ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിലേക്ക് ശവപെട്ടികൾ
എത്തിക്കുന്നു
ന്യൂഡൽഹി: 274 പേരുടെ ജീവനെടുത്ത അഹ്മദാബാദ് വിമാന അപകടത്തെത്തുടർന്ന് എ.ഐ 171 എന്ന വിമാന നമ്പറിന്റെ ഉപയോഗം നിർത്തുന്നതായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു.
ജൂൺ 17 മുതൽ അഹ്മദാബാദ്-ലണ്ടൻ ഗാറ്റ്വിക് വിമാന നമ്പർ എ.ഐ 171നു പകരം എ.ഐ 159 ആയിരിക്കും. ടിക്കറ്റ് ബുക്കിങ്ങിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത്തരം അപകടങ്ങൾക്കു ശേഷം കമ്പനികൾ വിമാന നമ്പറുകൾ ഉപയോഗിക്കുന്നത് നിർത്തുന്നത് സാധാരണയാണെന്ന് അധികൃതർ പറഞ്ഞു.
മരണം 270; അന്വേഷണത്തിന് ഉന്നതതല സമിതി
ന്യൂഡൽഹി: എയർഇന്ത്യ വിമാന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി. 270ഓളം മൃതദേഹങ്ങൾ അഹ്മദാബാദ് സിവിൽ ഹോസ്പിറ്റലിൽ എത്തിയതായി ഡോക്ടർമാർ അറിയിച്ചു. ശനിയാഴ്ച ഒരു മൃതദേഹവും ശരീര ഭാഗങ്ങളും കണ്ടെത്തിയതായി അഗ്നിരക്ഷാ സേന അറിയിച്ചു. വിമാനാപകടം അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപവത്കരിച്ച് സിവിൽ വ്യോമയാന മന്ത്രാലയം. നിലവിൽ വിവിധ ഏജൻസികൾ നടത്തുന്ന അന്വേഷണത്തിന് പുറമെയാവും ഉന്നതതല സമിതിയുടെ പ്രവർത്തനം. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിന് സാങ്കേതിക പിഴവുകളടക്കം വിശദാംശങ്ങൾ സമിതി പരിശോധിക്കും. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ അടിയന്തര നടപടികളും സമിതി വിലയിരുത്തും. ഇവയിൽ മാറ്റമാവശ്യമുണ്ടെങ്കിൽ നിർദേശങ്ങളായി ഉൾപ്പെടുത്തി മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകും.
വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ, കോക്പിറ്റ് വോയ്സ് റെക്കോഡറുകൾ, എയർക്രാഫ്റ്റ് മെയിന്റനൻസ് റെക്കോഡുകൾ, എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) ലോഗുകൾ എന്നിവക്ക് പുറമെ സമിതി സാക്ഷികളിൽനിന്നും വിവരങ്ങൾ ശേഖരിക്കും. സംഭവസ്ഥലം പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കുന്ന സമിതി വിമാനങ്ങളിലെ ജീവനക്കാർ, എയർ ട്രാഫിക് കൺട്രോളർമാരടക്കമുള്ള ഉദ്യോഗസ്ഥന്മാർ എന്നിവരിൽനിന്ന് അഭിപ്രായ ശേഖരണം നടത്തും. ഇതര അന്വേഷണ ഏജൻസികളിൽനിന്ന് വ്യത്യസ്തമായി ഭാവിയിൽ ഇത്തരം അപകടങ്ങൾ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പൊതു പ്രവർത്തന മാനദണ്ഡങ്ങൾ രൂപവത്കരിക്കുകയാണ് സമിതിയുടെ ലക്ഷ്യമെന്ന് വ്യോമയാന മന്ത്രാലയം ഉത്തരവിൽ പറയുന്നു.
ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെ കൂടാതെ, ആഭ്യന്തര മന്ത്രാലയ ജോയന്റ് സെക്രട്ടറി, സിവിൽ ഏവിയേഷൻ സെക്രട്ടറി, ഗുജറാത്ത് ആഭ്യന്തര വകുപ്പ് പ്രതിനിധി, സംസ്ഥാന ദുരന്ത പ്രതികരണ അതോറിറ്റി പ്രതിനിധി, അഹ്മദാബാദ് പൊലീസ് കമീഷണർ, വ്യോമസേനയുടെ (ഐ.എ.എഫ്) സുരക്ഷ വിഭാഗം ഡയറക്ടർ ജനറൽ (ഡി.ജി), ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരി ഡി.ജി, സിവിൽ ഏവിയേഷൻ ഡി.ജി, ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) സ്പെഷൽ ഡയറക്ടർ, ഫോറൻസിക് സയൻസ് സർവിസസ് ഡയറക്ടറേറ്റ് ഡയറക്ടർ എന്നിവരാണ് സമിതിയിലുണ്ടാവുക. ഇതിന് പുറമെ, മേഖലയിലെ വിദഗ്ധരെയും സമിതിയിൽ ഉൾപ്പെടുത്താനാകും.
മൃതദേഹങ്ങൾ തിരിച്ചറിയാനായി ഡി.എൻ.എ പരിശോധന നടക്കുകയാണെന്നും പൂർത്തിയായ ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകുമെന്നും സിവിൽ ഹോസ്പിറ്റൽ ജൂനിയർ ഡോക്ടർമാരുടെ സംഘടന പ്രസിഡന്റ് ഡോ. ധവാൽ ഗമേതി പറഞ്ഞു. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ കാന്റീനിൽനിന്നാണ് ഇന്നലെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. പൊലീസടക്കമുള്ള സംവിധാനങ്ങൾക്ക് പുറമെ, രക്ഷാപ്രവർത്തനത്തിനായി നാഷനൽ സെക്യൂരിറ്റി ഗാർഡ് ഭടന്മാരും സംഭവസ്ഥലത്തുണ്ട്.
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ ഇടിച്ച് കിടക്കുന്ന വിമാനത്തിന്റെ വാൽഭാഗം നീക്കംചെയ്യൽ ജോലി തുടങ്ങിയിട്ടുണ്ട്. എയർ ഇന്ത്യ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാൽ ഈ ഭാഗം നീക്കംചെയ്ത് ക്രെയിൻ വഴി താഴെ എത്തിക്കും. കേടുപാടുകൾ സംഭവിച്ച ഹോസ്റ്റലുകൾ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (എ.എ.ഐ.ബി) അന്വേഷണത്തിനായി ഒഴിപ്പിച്ച് വിദ്യാർഥികളെ മറ്റിടങ്ങളിൽ താമസിപ്പിക്കുമെന്ന് ബി.ജെ മെഡിക്കൽ കോളജ് ഡീൻ മീനാക്ഷി പരീഖ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.