ബ്ലാക്ക് ബോക്സിലുണ്ട് ആ രഹസ്യം...
text_fieldsദുരന്തകാരണം മനസ്സിലാകാൻ വിമാനത്തിലെ ബ്ലാക്ക് ബോക്സുകളും കണ്ടെത്തേണ്ടതുണ്ട്. പേരിൽ ബ്ലാക്കുണ്ടെങ്കിലും പൊതുവിൽ അതിന് ഓറഞ്ച് നിറമാണ്. ബ്ലാക്ക് ബോക്‌സ് രണ്ട് പ്രധാന ഘടകങ്ങളുള്ള ഒരു റെക്കോഡിങ് സംവിധാനമാണ്: ഫ്ലൈറ്റ് ഡേറ്റ റെക്കോഡറും (എഫ്.ഡി.ആർ) കോക്പിറ്റ് വോയ്സ് റെക്കോഡറും (സി.വി.ആർ). വിമാനം പറക്കുമ്പോൾ ആകെ 80-100 വരെ പാരാമീറ്ററുകൾ എഫ്.ഡി.ആർ രേഖപ്പെടുത്തുന്നു.
വേഗത, ഉയരം, എൻജിൻ സ്ഥിതി, റഡാർ വിവരങ്ങൾ, കൺട്രോൾ സിസ്റ്റങ്ങളുടെ പ്രവർത്തനം തുടങ്ങിയവ ഉൾപ്പെടുന്നു. പൈലറ്റുമാരും കോ പൈലറ്റുമാരും തമ്മിലുള്ള സംഭാഷണവും മറ്റു ശബ്ദങ്ങളും (അലാർമുകൾ, എൻജിൻ ശബ്ദം) രേഖപ്പെടുത്തുന്നത് സി.വി.ആർ ആണ്.
ഈ ഉപകരണങ്ങൾ വിമാനം തകരാറിലായിട്ടും വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശക്തമായ ടൈറ്റാനിയം/ സ്റ്റീൽ ആകൃതിയിലാണ് നിർമിച്ചിരിക്കുന്നത്. ഉയർന്ന താപനില, വെള്ളത്തിൽ മുങ്ങൽ, ഉരുക്ക് തിരിച്ചടി എന്നിവയെ അതിജീവിക്കാൻ കഴിവുള്ളതാണ്. കോക്പിറ്റിന് സമീപമാണ് ഇത് ഘടിപ്പിക്കുക.
ബ്ലാക്ക് ബോക്സ് ഡേറ്റ വിശകലനം ചെയ്താൽ അപകടകാരണം പിടികിട്ടും: മനുഷ്യപിഴവ്, സാങ്കേതിക തകരാർ, കാലാവസ്ഥ തുടങ്ങി ഏത് കാരണവും ഡേറ്റ വിശകലനത്തിലൂടെ കണ്ടെത്താനാകും. വിമാനദുരന്തത്തിനുശേഷം ബ്ലാക്ക് ബോക്സ് കണ്ടെത്താൻ ദിവസങ്ങളെടുത്തേക്കാം. തിരിച്ചെടുത്ത ശേഷം പ്രത്യേക ലാബുകളിൽ അതിന്റെ വിവരങ്ങൾ ‘ഡീകോഡ്’ ചെയ്യുന്നു.
പൊള്ളൽ വാർഡ് സജ്ജം
മുംബൈ: പൊള്ളൽ ചികിത്സക്കുള്ള പ്രത്യേക കേന്ദ്രമായ നവി മുംബൈയിലെ നാഷനൽ ബേൺസ് സെന്ററിൽ വിമാനാപകടത്തിൽപെട്ടവരെ ചികിത്സിക്കാൻ 20 കിടക്കകൾ തയാർ.
അടിയന്തര ആവശ്യം കണക്കിലെടുത്ത് മുൻകൂർ നടപടിയെന്ന നിലക്കാണ് കിടക്കകൾ ഒരുക്കിയതെന്ന് ഇന്ത്യൻ ബേൺസ് റിസർച് സൊസൈറ്റി മെഡിക്കൽ ഡയറക്ടറും സെക്രട്ടറിയുമായ ഡോ. സുനിൽ കെസ്വാനി പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ കേന്ദ്രത്തിന് 20 കിടക്കകൾ കൂടി തയാറാക്കാൻ കഴിയും. അഹ്മദാബാദ് സിവിൽ ആശുപത്രിയിൽ 50 കിടക്കകളുള്ള പൊള്ളൽ വാർഡ് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോയിങ് ഓഹരികൾ ഇടിഞ്ഞു
ന്യൂഡൽഹി: അഹ്മദാബാദിൽ പറന്നുയർന്നതിന് തൊട്ടുപിന്നാലെ 242 പേരുമായി യാത്ര ചെയ്ത എയർ ഇന്ത്യ വിമാനം തകർന്നതിനെത്തുടർന്ന് വ്യാഴാഴ്ചത്തെ പ്രീമാർക്കറ്റ് യു.എസ് വ്യാപാരത്തിൽ ബോയിങ് ഓഹരികൾ ഏകദേശം 8 ശതമാനം ഇടിഞ്ഞു. നിലവിൽ സർവിസിലുള്ള ഏറ്റവും ആധുനികവും കാര്യക്ഷമവുമായ പാസഞ്ചർ ജെറ്റുകളിൽ ഒന്നായ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണിതെന്ന് വിമാനത്തിന്‍റെ ഗതിനിർണയ സംവിധാനമായ ഫ്ലൈറ്റ് റഡാർ 24 അറിയിച്ചു. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും ബോയിങ് കമ്പനി അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.