വ്യോമാതിർത്തി അടച്ചതിൽ അധിക ചെലവ്; സഹായം തേടി എയർ ഇന്ത്യ
text_fieldsന്യൂഡല്‍ഹി: പാകിസ്താൻ വ്യോമാതിർത്തി അടച്ചതോടെ പ്രതിവർഷം 591 മില്യൺ ഡോളറിന്റെ (50 ബില്യണ്‍ ഇന്ത്യന്‍ രൂപ) അധികച്ചെലവുണ്ടായേക്കുമെന്ന് എയർ ഇന്ത്യ. ഇതുസംബന്ധിച്ച് പ്രത്യേക ആശ്വാസ പദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി കേന്ദ്രസർക്കാറിന് കഴിഞ്ഞ ദിവസം കത്തു നൽകി. വരും വർഷങ്ങളിലും നിരോധനം തുടർന്നാൽ അധികച്ചെലവ് ഇനിയും ഉയർന്നേക്കുമെന്ന് കമ്പനി ഏപ്രിൽ 27ന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു. പാക് വ്യോമാതിർത്തി ഒഴിവാക്കിയുള്ള പാത കൂടുതൽ ദൈർഘ്യമുള്ളതാണ്.
ഇതുകൊണ്ടുതന്നെ ഇന്ധനച്ചെലവ് വർധിക്കും. കൂടുതൽ സമയമെടുക്കുന്നത് യാത്രക്കാരെയും ബാധിക്കാനിടയുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നൽകിയ കത്തിലുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ, പാകിസ്താനെതിരായ ഇന്ത്യയുടെ നയതന്ത്ര നടപടികളെത്തുടര്‍ന്നാണ് പാക് വ്യോമപാത അടച്ചത്. ഇന്ത്യൻ കമ്പനികളുടെ വിമാനങ്ങൾക്ക് മാത്രമാണ് നിയന്ത്രണമേർപ്പെടുത്തിയത്.
വിലക്ക് ബാധകമായ ആഭ്യന്തര വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവിസുകൾക്ക് സബ്സിഡി നല്ലതും പരിശോധിക്കാവുന്നതും ന്യായയുക്തവുമായ ഒരു മാർഗമാണെന്ന് കമ്പനി കത്തിൽ ചൂണ്ടിക്കാട്ടി. സാഹചര്യത്തിൽ മാറ്റം വന്നാൽ സബ്സിഡി നീക്കംചെയ്യാനാവും. മേഖലയിലൂടെ കൂടുതൽ അന്താരാഷ്ട്ര സർവിസുകൾ നടത്തിവന്നിരുന്ന തങ്ങളെയാണ് നിലവിലെ നിരോധനം കൂടുതൽ പ്രതികൂലമായി ബാധിക്കുകയെന്നും എയര്‍ ഇന്ത്യ കത്തില്‍ വ്യക്തമാക്കി. എയർ ഇന്ത്യക്ക് പുറമെ ഇൻഡിഗോ അടക്കമുള്ള കമ്പനികളും ഇതുസംബന്ധിച്ച് സർക്കാർ ഇടപെടലാവശ്യപ്പെട്ട് രംഗത്തുണ്ട്.
‘പാകിസ്താന് പകരം പ്രതിപക്ഷത്തിന് നേരെ’ -പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ്
ന്യൂഡൽഹി: പ്രധാനമന്ത്രി പാകിസ്താന് പകരം പ്രതിപക്ഷത്തിന്റെ ഉറക്കംകെടുത്താൻ നടക്കുകയാണെന്ന് കോൺഗ്രസ് അദ്ദേഹത്തിന്റെ വിഴിഞ്ഞം പ്രസംഗത്തെ വിമർശിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷവും നമ്മുടെ പ്രധാനമന്ത്രി യഥാർഥ ഭീഷണിയായ പാകിസ്താനുമായി ഏറ്റുമുട്ടുന്നതിന് പകരം പ്രതിപക്ഷ നേതാക്കളുടെ ഉറക്കംകെടുത്താൻ നടക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.
തന്റെ യഥാർഥ യജമാനനായ അദാനിയെ തൃപ്തിപ്പെടുത്തുന്നതിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് മുൻഗണനയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. ജാതി സെൻസസ് സമയബന്ധിതമായി പൂർത്തിയാക്കാനും സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തുകളയാനും പാകിസ്താന് അവരർഹിക്കുന്ന മറുപടി നൽകാനും മോദിക്ക് മേൽ സമ്മർദം തുടരുമെന്നും വേണുഗോപാൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.