വെട്ടിക്കുറച്ച സർവിസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ
text_fieldsന്യൂഡൽഹി: നിർത്തിവെച്ചിരിക്കുന്ന എയർ ഇന്ത്യ അന്താരാഷ്ട്ര സർവിസുകൾ ഒക്ടോബർ ഒന്നുമുതൽ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് സി.ഇ.ഒ കാംബെൽ വിൽസൺ. കൃത്യമായ സുരക്ഷാ പരിശോധനകൾ നടത്തിയതിന് ശേഷമാണ് സർവിസുകൾ പുനരാരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഹ്മദാബാദിൽ എ.ഐ 171 വിമാനം അപകടത്തിൽപെട്ടതിന് പിന്നാലെ അന്താരാഷ്ട്ര സർവിസുകൾ നടത്തുന്ന വൈഡ് ബോഡി വിമാനങ്ങളിൽ എയർ ഇന്ത്യ സുരക്ഷ പരിശോധന ഊർജിതമാക്കിയിരുന്നു. ഇതേത്തുടർന്ന് ജൂൺ 18 മുതൽ 15 ശതമാനം വിമാനങ്ങളുടെ സർവിസ് വെട്ടിക്കുറച്ചിരുന്നു. ആഗസ്റ്റ് ഒന്നുമുതൽ അഹ്മദാബാദിനും ലണ്ടൻ ഹീത്രൂവിനും ഇടയിൽ ആഴ്ചയിൽ മൂന്ന് വിമാന സർവിസുകൾ നടത്തുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ഡൽഹി-സൂറിച്ച് റൂട്ടിൽ ആഴ്ചയിൽ നടത്തുന്ന സർവിസ് നാലിൽനിന്ന് അഞ്ചായി ഉയരും. ഡൽഹി-ടോക്കിയോ ഹനേഡ റൂട്ടിലും സർവിസ് പുനരാരംഭിക്കും. സെപ്റ്റംബർ ഒന്നുമുതൽ ദില്ലി-സിയോൾ ഇഞ്ചിയോൺ പാതയിൽ അഞ്ച് സർവിസുകളുണ്ടാവും.
അമൃത്സർ-ബർമിംഗ്ഹാം റൂട്ടിൽ ആഗസ്റ്റ് 31 വരെ ആഴ്ചയിൽ രണ്ട് ഫ്ലൈറ്റുകൾ എന്ന രീതി തുടരും. സെപ്റ്റംബർമുതൽ ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ സർവിസ് നടത്തും. ബർമിംഗ്ഹാം, പാരീസ്, മിലാൻ, കോപ്പൻഹേഗൻ, വിയന്ന, ആംസ്റ്റർഡാം എന്നിവയുൾപ്പെടെ ഡൽഹിയിൽനിന്നുള്ള മറ്റ് അന്താരാഷ്ട്ര റൂട്ടുകളിൽ വിമാനങ്ങൾ ഉടൻ പുനഃസ്ഥാപിക്കില്ല. അതേസമയം ഡൽഹി-ആംസ്റ്റർഡാം സർവിസ് ആഗസ്റ്റ് ഒന്നുമുതൽ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
81 വിമാനത്താവളങ്ങൾ നഷ്ടത്തിലെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് 81 വിമാനത്താവളങ്ങൾ നഷ്ടത്തിലാണെന്നും 22 എണ്ണം പ്രവർത്തന രഹിതമാണെന്നും കേന്ദ്ര സർക്കാർ പാർലമെന്റിൽ. ഡൽഹി സഫ്ദർജങ് വിമാനത്താവളമാണ് ഏറ്റവും ഉയർന്ന നഷ്ടം. 673.91 കോടി രൂപ. തൊട്ടുപിന്നിൽ അഗർത്തല വിമാനത്താളവമാണ്. 605.23 കോടി രൂപയാണ് അഗർത്തല വിമാനത്താവളത്തിന്റെ പ്രവർത്തന നഷ്ടമെന്നും രാജ്യസഭയിൽ ജെബി മേത്തർ ഉന്നയിച്ച ചോദ്യത്തിന് വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൾ നൽകിയ മറുപടിയിൽ പറയുന്നു.
പരിമിതമായ വ്യോമഗതാഗതം മാത്രമുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ വിമാനത്താവളങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിന് ആവിഷ്കരിച്ച ആർ.സി.എസ്-ഉഡാൻ പദ്ധതി പ്രകാരം വിമാനക്കമ്പനികൾക്ക് പദ്ധതി പ്രവർത്തനക്ഷമമാക്കുന്നതിൽ സംഭവിക്കുന്ന ധനപരമായ വിടവ് നികത്താനുള്ള തുക നൽകുന്നുണ്ട്. പ്രവർത്തന ചെലവ് കുറക്കുന്നതിനും കൂടുതൽ സർവിസുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിമാനക്കമ്പനികൾക്ക് ഇൻസെന്റിവുകളും ഇളവുകളും അനുവദിക്കുന്നുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ പദ്ധതിക്കായി 300 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുള്ളതായി മന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.