Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയോധ്യയിൽ കത്തിതീർന്ന ചിരാതിലെ എണ്ണ ശേഖരിച്ച സ്ത്രീകളെയും കുട്ടികളെയും മർദിച്ച് ബി.ജെ.പി പ്രവർത്തകർ; നടപടി വേണമെന്ന് അഖിലേഷ് യാദവ്

text_fields
bookmark_border
അയോധ്യയിൽ കത്തിതീർന്ന ചിരാതിലെ എണ്ണ ശേഖരിച്ച സ്ത്രീകളെയും കുട്ടികളെയും മർദിച്ച് ബി.ജെ.പി പ്രവർത്തകർ; നടപടി വേണമെന്ന് അഖിലേഷ് യാദവ്
cancel

ലഖ്നോ: ഉത്തർപ്രദേശിലെ അയോധ്യയിൽ ദീപാലങ്കാരത്തിന് ശേഷം മൺചിരാതുകളിൽ ബാക്കിയായ എണ്ണ ശേഖരിക്കാൻ ശ്രമിച്ച സ്ത്രീകളെയും കുട്ടികളെയും വടികൊണ്ട് മർദിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സംഭവത്തിൽ ഉൾപ്പെട്ട ബി.ജെ.പി പ്രവർത്തകർക്കും പരിപാടിയുടെ സംഘാടകർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം വനിതാ കമീഷനോട് ആവശ്യപ്പെട്ടു.

ശനിയാഴ്ച അയോധ്യയിലെ സരയൂ നദീതീരത്ത് നടന്ന ദീപോത്സവത്തിൽ 30 ലക്ഷത്തിലധികം മൺചിരാതുകളാണ് തെളിയിച്ചത്. ആഘോഷങ്ങൾ അവസാനിച്ചതിനു പിന്നാലെ ചിരാതുകളിൽ ശേഷിച്ച എണ്ണ പ്ലാസ്റ്റിക് കുപ്പികളിലും പാത്രങ്ങളിലും ശേഖരിക്കാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാർ എത്തിയിരുന്നു. ഇതിനിടെ ചിലർ വടികളുമായി എത്തി ഇവരെ തടയുകയും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഭവത്തിന്റെ വിഡിയോ പങ്കുവെച്ചാണ് അഖിലേഷ് യാദവ് ബി.ജെ.പിക്കെതിരെ രംഗത്തെത്തിയത്.

സ്ത്രീകളെ ആദരിക്കുമെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയുടെ മുഖമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നതെന്ന് അഖിലേഷ് ആരോപിച്ചു. സ്ത്രീകളോടുള്ള ബി.ജെ.പിയുടെ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണ്. വനിതാ കമീഷൻ വിഷയത്തിൽ സ്വമേധയാ ഇടപെട്ട് ബന്ധപ്പെട്ട ബി.ജെ.പി പ്രവർത്തകർക്കും സംഘാടകർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെ നേതൃത്വത്തിലുള്ള പി.ഡി.എ സർക്കാർ അധികാരത്തിലെത്തിയാൽ റേഷൻ കടകൾ വഴി കടുകെണ്ണ വിതരണം ചെയ്യുമെന്നും അഖിലേഷ് പ്രഖ്യാപിച്ചു. ദരിദ്രരും പിന്നാക്കവിഭാഗക്കാരും എണ്ണക്ക് വേണ്ടി മർദനവും അപമാനവും സഹിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സർക്കാർ സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും മറിച്ച് അപമാനിക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു.

ലഖ്നോയിലെ തീപിടിത്തത്തിൽ മരിച്ച യുവാവിന്റെ മാതാവിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരസ്യമായി അപമാനിച്ചെന്ന ആരോപണവും അഖിലേഷ് ആവർത്തിച്ചു. സ്ത്രീകളോടുള്ള ഇത്തരം സമീപനത്തിന് ബി.ജെ.പി തെരഞ്ഞെടുപ്പിൽ മറുപടി പറയേണ്ടിവരുമെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് സ്ത്രീകളും യുവാക്കളും ബി.ജെ.പിയും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആരോപണങ്ങളോട് പ്രതികരിച്ച അയോധ്യ മേയർ ഗിരീഷ് പതി ത്രിപാഠി, ദീപോത്സവത്തിനു മുമ്പുതന്നെ ചേരിപ്രദേശങ്ങളിലും നിർധനർക്കിടയിലും എണ്ണയും മധുരപലഹാരങ്ങളും വിതരണം ചെയ്തിരുന്നുവെന്നാണ് അറിയിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ayodhya Deepotsav Oil Clash Controversy
Next Story