അന്വേഷണത്തോട് സഹകരിക്കുമെന്ന് അൽ ഫലാഹ് സർവകലാശാല, അറസ്റ്റിലായ ഡോക്ടർമാരെ തള്ളി വൈസ് ചാൻസലർ
text_fieldsഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി അൽ ഫലാഹ് സർവകലാശാലയിലെത്തിയ ഹരിയാന പൊലീസ് സംഘം കാമ്പസിൽനിന്ന് മടങ്ങുന്നു
ഫരീദാബാദ്: ഡൽഹി സ്ഫോടനവും അതിന് മുമ്പുള്ള ദിവസങ്ങളിൽ നടന്ന റെയ്ഡുകളിലുമെല്ലാം വാർത്തകളിൽ ഇടംപിടിച്ച പേരുകളിലൊന്നാണ് അൽ ഫലാഹ് യൂനിവേഴ്സിറ്റി. ഹരിയാനയിലെ ഹരീദാബാദിലെ ഈ സർവകലാശാലയിലെ രണ്ട് ഡോക്ടർമാരെ ഇപ്പോൾ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇവർ താമസിച്ചിരുന്ന വീടുകളിൽനിന്നും മറ്റുമായി 2500 കിലോ ഗ്രാമിലധികം സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥാപനവുമായി നേരത്തേ ബന്ധമുണ്ടായിരുന്ന മറ്റൊരു ഡോക്ടറാണ് ഡൽഹി സ്ഫോടനത്തിന് കാരണമായ കാർ ഓടിച്ചിരുന്നതെന്നും ഏതാണ്ട് തെളിഞ്ഞിട്ടുണ്ട്. ദിവസങ്ങളായി കനത്ത നിരീക്ഷണത്തിലാണ് ഈ സ്ഥാപനം. ബുധനാഴ്ച, ഈ വിഷയങ്ങളിൽ സർവകലാശാല വൈസ് ചാൻസലർ ഡോ. ഭൂപീന്ദർ കൗർതന്നെ നിലപാട് വ്യക്തമാക്കുന്ന വാർത്താകുറിപ്പ് പുറത്തിറക്കി.
അറസ്റ്റിലായ ഡോക്ടർമാരെ തള്ളിപ്പറഞ്ഞ സർവകലാശാല, സംഭവവുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും വ്യക്തമാക്കി. ‘‘ഞങ്ങളുടെ രണ്ട് ഡോക്ടർമാരെ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തതായി മനസ്സിലാക്കുന്നു. അവരുടെ അക്കാദമിക സംഭാവനകൾക്കപ്പുറം സർവകലാശാലക്ക് അവരുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സർവകലാശാല കാമ്പസിനകത്ത് യാതൊരുതരത്തിലുള്ള സ്ഫോടക വസ്തുക്കളും സൂക്ഷിച്ചിട്ടില്ല. അന്വേഷണ ഏജൻസികൾ കണ്ടെടുത്തതെല്ലാം കാമ്പസുമായി ബന്ധമില്ലാത്ത വീടുകളിലാണ്. എന്നാൽ, തെറ്റിധരിപ്പിക്കുന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ഇത് സ്ഥാപനത്തിന്റെ കീർത്തിയെ അവമതിക്കുന്നതിനാണെന്ന് ഞങ്ങൾ സംശയിക്കുന്നു’’ -വി.സി പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയും സമാധാനവും ഐക്യവും ഊട്ടിയുറപ്പിക്കുന്ന നടപടികളിൽ പൂർണ പിന്തുണ നൽകുമെന്നും സർവകലാശാല പ്രസ്താവനയിൽ വ്യക്തമാക്കി.
മുസമ്മിൽ ഗനി, ഷഹീൻ സഈദ് എന്നീ ഡോക്ടർമാരാണ് കശ്മീർ പൊലീസ് നടത്തിയ റെയ്ഡിൽ അറസ്റ്റിലായത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉമർ നബിക്കും അൽ ഫലാഹുമായി ബന്ധമുണ്ടായിരുന്നു. 1997ൽ അൽ ഫലാഹ് ഗ്രൂപ്പാണ് ഈ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത്. 2009ൽ, കൽപിത സർവകലാശാലയായും 2014ൽ സർവകലാശാലയായും അപ്ഗ്രേഡ് ചെയ്തു. 2019ലാണ് ഇവിടെ എം.ബി.ബി.എസ് കോഴ്സ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

