ഗാസിയാബാദ് ബോംബ് സ്ഫോടന കേസിൽ ജയിലിലടച്ച ഇല്യാസിനെ 28 വർഷത്തിന് ശേഷം കോടതി വെറുതെവിട്ടു
text_fieldsഅലഹാബാദ് ഹൈകോടതി
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 1996ലുണ്ടായ ബസ് സ്ഫോടനക്കേസിൽ ജയിലിലടച്ച മുഹമ്മദ് ഇല്യാസിനെ 28 വർഷത്തിന് ശേഷം തെളിവില്ലെന്ന് കണ്ട് അലഹാബാദ് ഹൈകോടതി കുറ്റമുക്തനാക്കി. കുറ്റക്കാരനാണെന്ന വിചാരണ കോടതിയുടെ വിധിക്കെതിരെയുള്ള ഇല്യാസിന്റെ അപ്പീലിലാണ് കോടതി വിധി.
ഇല്യാസുമായും തസ്‍ലീം എന്നയാളുമായും ഗൂഢാലോചന നടത്തി ‘ഹർകതുൽ അൻസാർ’ എന്ന സംഘടനയുടെ ജില്ല കമാൻഡറായ പാകിസ്താനി പൗരൻ അബ്‍ദുൽ മതീനാണ് ആക്രമണം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍റെ കേസ്. ഇല്യാസിന് ജമ്മു-കശ്മീരിൽ തീവ്രവാദ പരിശീലനം ലഭിച്ചെന്നും പൊലീസ് ആരോപിച്ചിരുന്നു. എന്നാൽ തസ്‍ലീമിനെ തെളിവില്ലെന്ന് കണ്ട് 2013ൽ വിചാരണ കോടതി തന്നെ വെറുതെ വിട്ടിരുന്നു.
ഇല്യാസിനെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ തികച്ചും പരാജയപ്പെട്ടെന്നും പൊലീസ് റെക്കോഡ് ചെയ്ത കുറ്റസമ്മത മൊഴി തെളിവു നിയമത്തിന്‍റെ 25ാം വകുപ്പിന് കീഴിൽ നിലനിൽക്കുന്നതല്ലെന്നും ജസ്റ്റിസുമാരായ സിദ്ധാർഥ്, രാം മനോൾ നാരായൺ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. ഇല്യാസും കേസിലെ കൂട്ടുപ്രതിയും ബസിൽ ബോംബ് സ്ഫോടനം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റാരോപണം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. പൊലീസിന്‍റെ സാന്നിധ്യത്തിൽ പ്രതിയുടെ കുറ്റസമ്മതം രേഖപ്പെടുത്തിയ ഓഡിയോ കാസറ്റിനെ ആശ്രയിച്ച് തീരുമാനത്തിലെത്തിയ വിചാരണ കോടതിയുടെ സമീപനം നിയമപരമായ വലിയ പിഴവാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഈ കാസറ്റ് അല്ലാതെ കുറ്റാരോപണത്തിന് പിൻബലമേകുന്ന മറ്റ് യാതൊരു തെളിവുമില്ല. സാക്ഷികളും കൂട്ടു പ്രതിയും വിചാരണവേളയിൽ മൊഴി മാറ്റിയതും പ്രോസിക്യൂഷന് തിരിച്ചടിയായി. ഈ കേസിൽ ഇല്യാസ് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് മുമ്പാകെയാണ് കുറ്റസമ്മത മൊഴി നൽകിയത്. ഏത് കുറ്റമായാലും പൊലീസ് ഉദ്യോഗസ്ഥന് നൽകുന്ന മൊഴി പ്രതിക്കെതിരെയുള്ള തെളിവായി കരുതാൻ പാടില്ലെന്നാണ് തെളിവു നിയമത്തിന്‍റെ സെക്ഷൻ 25 വ്യവസ്ഥ ചെയ്യുന്നതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
1996 ഏപ്രിൽ 27നാണ് ഡൽഹിയിൽനിന്ന് വൈകിട്ട് 3.55ന് 53 യാത്രക്കാരുമായി പുറപ്പെട്ട ബസ് ഗാസിയാബാദിലെ മോദിനഗർ പൊലീസ് സ്റ്റേഷൻ പിന്നിട്ട ഉടനെ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത്. അതിനിടയിൽ 14 യാത്രക്കാർ കൂടി ബസിൽ കയറിയിരുന്നു. ബസിന്റെ മുൻഭാഗത്തുണ്ടായ സ്ഫോടനത്തിൽ പത്ത് പേർ തൽക്ഷണം മരിച്ചു. 48 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സ്ഫോടക വസ്തുവായ ആർ.ഡി.എക്‌സ് ഡ്രൈവറിന്‍റെ സീറ്റിനടിയിൽ വെച്ച് റിമോട്ടിലൂടെയാണ് സ്ഫോടനം നടത്തിയതെന്നാണ് ഫോറൻസിക് പരിശോധനയിൽ വ്യക്തമായത്.
2013ൽ വിചാരണ കോടതി തസ്‍ലീമിനെ വെറുതെ വിട്ടെങ്കിലും ഇല്യാസിനെയും അബ്‍ദുൽ മതീനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അത് ചോദ്യം ചെയ്ത് മുഹമ്മദ് ഇല്യാസ് നൽകിയ അപ്പീലിലാണ് ഇപ്പോൾ വിചാരണ കോടതിയുടെ വിധി റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

