Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഒരു തെളിവും ഹാജരാക്കിയില്ല'; രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്ന ഹരജി കോടതി തള്ളി

text_fields
bookmark_border
Allahabad High Court Lucknow bench order on Rahul Gandhis citizenship petition.
cancel
camera_alt

രാഹുൽ ഗാന്ധി

ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വവും പാർലമെന്റ് അംഗത്വവും ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹരജി അലഹബാദ് ഹൈകോടതി തള്ളി. രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് തെളിയിക്കാൻ ഒരൊറ്റ രേഖപോലും കോടതിയിൽ ഹാജരാക്കാൻ ഹരജിക്കാരൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ശേഖർ ബി. സറഫ്, ജസ്റ്റിസ് അവധേഷ് കുമാർ ചൗധരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. കോടതിയുടെ കർശന നിരീക്ഷണങ്ങളെ തുടർന്ന് ഹരജി പിൻവലിക്കാൻ ഹരജിക്കാരൻ അനുമതി തേടുകയും, തുടർന്ന് ഹരജി പിൻവലിച്ചതായി രേഖപ്പെടുത്തി കോടതി തള്ളുകയുമായിരുന്നു.

2003-ൽ യുകെയിൽ 'ബാക്ക്ഓപ്സ് ലിമിറ്റഡ്' എന്ന പേരിൽ കമ്പനി രൂപീകരിച്ച രാഹുൽ ഗാന്ധി, കമ്പനി രേഖകളിൽ താൻ ബ്രിട്ടീഷ് പൗരനാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഹരജിക്കാരനായ അഡ്വ. അശോക് പാണ്ഡെ ഉന്നയിച്ച വാദം. എന്നാൽ, കോടതി വാദത്തിന്റെ അടിസ്ഥാനം ആരാഞ്ഞപ്പോൾ യുകെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളോ കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും ആധികാരിക തെളിവുകളോ ഹാജരാക്കാൻ ഹരജിക്കാരന് കഴിഞ്ഞില്ല.

കേംബ്രിഡ്ജ് സർവകലാശാല നൽകിയതെന്ന പേരിൽ 'റൗൾ വിൻസി' എന്ന വിദ്യാർഥിയുടെ പഠനം സാക്ഷ്യപ്പെടുത്തുന്ന ഒരു കത്ത് മാത്രമാണ് പാണ്ഡെ ഹാജരാക്കിയത്. എന്നാൽ ഈ കത്ത് ഹരജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതും ആരോപണങ്ങൾ തെളിയിക്കാൻ പര്യാപ്തമല്ലാത്തതുമാണെന്ന് കോടതി വ്യക്തമാക്കി. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നിരിക്കെ, രേഖകളില്ലാതെ അടിസ്ഥാനരഹിതമായ വാദങ്ങൾ കോടതിക്ക് മുൻപാകെ ഉന്നയിച്ചതിനെ വിമർശിച്ച ബെഞ്ച്, ഹരജിക്കാരന്റെ അപേക്ഷയെ തുടർന്ന് കേസ് തള്ളുകയായിരുന്നു

സമാനമായ ആവശ്യങ്ങളുന്നയിച്ച് ഹരജിക്കാരൻ മുന്നേയും കോടതിയെ സമീപിച്ചിരുന്നുവെന്ന വസ്തുതയും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. 2015-ലും 2019-ലും ഇതേ വിഷയത്തിൽ സമർപ്പിച്ച ഹരജികൾ കോടതി പരിഗണിച്ചിരുന്ന കാര്യവും ഉത്തരവിൽ എടുത്തുപറഞ്ഞു. 1955-ലെ ഇന്ത്യൻ പൗരത്വ നിയമത്തിലെ സെക്ഷൻ 9(2) പ്രകാരം ഒരു വ്യക്തിയുടെ പൗരത്വവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ തീരുമാനമെടുക്കാനുള്ള പരമാധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണെന്ന് സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ഉദ്ധരിച്ച് മുൻ ബെഞ്ചുകൾ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള ഒരു വിഷയത്തിൽ ആധികാരിക രേഖകളില്ലാതെ വീണ്ടും വീണ്ടും പൊതുതാൽപ്പര്യ ഹരജികളുമായി കോടതിയെ സമീപിക്കുന്ന പ്രവണതയെയും ബെഞ്ച് നിരീക്ഷിച്ചു.

ഹരജിക്കാരന്റെ വാദങ്ങൾ പ്രഥമദൃഷ്ട്യാ ആകർഷകവും വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്നതുമായി തോന്നാമെങ്കിലും, നിയമപരമായ തെളിവുകളുടെ അഭാവത്തിൽ അതിന് നിലനിൽപ്പില്ലെന്ന് ജസ്റ്റിസ് ശേഖർ ബി. സറഫ് നിരീക്ഷിച്ചു. ബ്രിട്ടനിലെ കമ്പനി രജിസ്ട്രാറുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോ രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചതായി വ്യക്തമാക്കുന്ന സത്യവാങ്മൂലങ്ങളോ ഇല്ലാതെ കേസ് മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് ഹരജി പിൻവലിക്കാൻ ഹരജിക്കാരൻ നിർബന്ധിതനായത്. ഇതോടെ റായ്ബറേലിയിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിയമപോരാട്ടത്തിന് തൽക്കാലം ഹൈകോടതിയിൽ തിരശ്ശീല വീണു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Allahabad High Court Rejects Plea Challenging Rahul Gandhi's Citizenship for Lack of Evidence
Next Story