‘സഖ്യം മതേതര ശക്തികളുമായി മാത്രം’
text_fieldsവഹീദ് പർറ
ശ്രീനഗർ: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ശ്രീനഗറിൽ മത്സരിച്ച് തോറ്റ പി.ഡി.പി നേതാവ് വഹീദ് പർറ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ അങ്കംകുറിക്കുന്നത് പുൽവാമ മണ്ഡലത്തിൽ പഴയ പാർട്ടി സഹപ്രവർത്തകനെതിരെയാണ്. മതേതര ആശയങ്ങളുള്ള, ജമ്മു-കശ്മീരിന്റെ താൽപര്യങ്ങളെ മാനിക്കുന്ന കക്ഷികളുമായി സഖ്യം ചേരാൻ തങ്ങൾ ഒരുക്കമാണെന്ന് പാർട്ടി പ്രസിഡന്റ് മഹ്ബൂബ മുഫ്തിയുടെ അടുത്ത സഹായികൂടിയായ വഹീദ് പറയുന്നു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ:
ഏറെക്കാലം ഒന്നിച്ച് പ്രവർത്തിച്ച് അടുത്തിടെ പാർട്ടി മാറിയ ഒരാൾക്കെതിരെ മത്സരിക്കുന്ന പുൽവാമയിൽ എങ്ങനെയാണ് സാഹചര്യങ്ങൾ?
എന്റെയും എതിർ സ്ഥാനാർഥിയുടെയും രാഷ്ട്രീയം വ്യത്യസ്തമാണ്. പി.ഡി.പി സംസാരിക്കുന്നത് ജനങ്ങളുടെയും യുവാക്കളുടെയും ആശങ്കകളെയും വേദനകളെയും കുറിച്ചാണ്. എല്ലാവരുടെയും വിഷയം ഭരണമാണ്. ഞങ്ങളും അത് പറയുന്നുവെങ്കിലും മുറിവുണങ്ങൽകൂടി ഞങ്ങൾക്ക് ആവശ്യമാണ്. ആഗസ്റ്റ് അഞ്ചിനു ശേഷം സംഭവിച്ചതിനെക്കുറിച്ചും ജമ്മു-കശ്മീരിൽ രാഷ്ട്രീയ ഇടം എങ്ങനെ തിരിച്ചുപിടിക്കാമെന്നുമാണ് ഞങ്ങൾ പറയുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽനിന്ന് ഈ തെരഞ്ഞെടുപ്പ് എങ്ങനെ വേറിട്ടുനിൽക്കുന്നു?
തദ്ദേശീയ ഉത്കണ്ഠകളും സ്ഥാനാർഥികളുമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രധാനം. വെള്ളം, വൈദ്യുതി, തൊഴിലില്ലായ്മ, മാനസികാരോഗ്യം തുടങ്ങിയവയാണ് വിഷയങ്ങൾ. ഒപ്പം, 2019 ആഗസ്റ്റ് അഞ്ചിന് 370ാം വകുപ്പ് എടുത്തുകളഞ്ഞതും അതിനുശേഷം കശ്മീരികൾക്ക് അനുഭവപ്പെട്ട അവകാശനിഷേധ ബോധവുംകൂടി വിഷയമാണ്.
നിയമസഭ തെരഞ്ഞെടുപ്പിൽ പി.ഡി.പി എത്ര സീറ്റ് പ്രതീക്ഷിക്കുന്നു?
2002ലെ തെരഞ്ഞെടുപ്പിൽ 87 സീറ്റിൽ 16 എണ്ണം നേടി പാർട്ടി ഞെട്ടിച്ചിരുന്നു. സമാനമായൊരു ഫലമാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആറു വർഷമായി വിവിധ കേന്ദ്രങ്ങളിൽനിന്ന് എതിർപ്പുണ്ടായിട്ടും ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായി നിലനിൽക്കാനായിട്ടുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും ആവേശം നൽകുന്നതാണ്.
നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യത്തിൽനിന്ന് എങ്ങനെയാണ് പി.ഡി.പി പുറത്തായത്? ഇനിയും സഖ്യസാധ്യതകൾ നിലനിൽക്കുന്നുണ്ടോ?
രാഷ്ട്രീയ താൽപര്യത്തിനാണ് പി.ഡി.പിയുമായി നാഷനൽ കോൺഫറൻസ് സഖ്യം ഉപേക്ഷിച്ചത്. ഇനിയും ‘ഇൻഡ്യ’ സഖ്യവുമായി സഖ്യത്തിന് ഞങ്ങൾ തയാറാണ്.
ബി.ജെ.പിയുമായി സഖ്യമുണ്ടാകുമോ?
ഇല്ല, മതേതര കക്ഷികളുമായി മാത്രമാകും സഖ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

