ജൈന വിശ്വാസിയായ അമിത്ഷാ സ്വയം ഹിന്ദുവെന്ന് വിളിക്കുന്നുവെന്ന് രാജ് ബബ്ബാർ
text_fieldsസൂറത്ത്: സോമനാഥ ക്ഷേത്ര സന്ദർശനവേളയിൽ രാഹുൽ ഗാന്ധി സന്ദർശന രജിസ്റ്ററിൽ അഹിന്ദുവെന്ന് രേഖപ്പെടുത്തിയെന്ന വിവാദം കത്തിപ്പടരവെ അമിത് ഷാക്കെതിരെ കോൺഗ്രസ്. അമിത്ഷാ സ്വയം ഹിന്ദുവെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ അദ്ദേഹം ജൈനനാണെന്ന് കോൺഗ്രസ് നേതാവ് രാജ് ബബ്ബാർ പറഞ്ഞു.
രാഹുലും കുടുംബവും കാലങ്ങളായി ശിവഭക്തരാണ്. ശിവ ഭക്തർ ധരിക്കുന്ന രുദ്രാക്ഷം ഇന്ദിരാഗാന്ധി പതിവായി ധരിക്കാറുണ്ടായിരുന്നുവെന്നും രാജ് ബബ്ബാർ പറഞ്ഞു.
തെൻറ കുടുംബം ശിവ ഭക്തരാണെന്നും എന്നാൽ മതം വ്യക്തിപരമാണെന്നും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാറില്ലെന്നും രാഹുൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തെൻറ മുത്തശ്ശി(ഇന്ദിരാഗാന്ധി) ശിവഭക്തയായിരുന്നു. മറ്റു കുടുംബാംഗങ്ങളും അങ്ങനെ തന്നെ. എന്നാൽ ഇത്തരം കാര്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കാറാണ് പതിവ്. പുറത്ത് മതപരമായ കാര്യങ്ങൾ സംസാരിക്കാറില്ല. വിശ്വാസം വ്യക്തിപരമായ കാര്യമാണ്. ശിവഭക്തി വിൽക്കാനോ രാഷ്ട്രീയ ഉപകരണമാക്കാനോ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.
രാഹുൽ സോമനാഥ ക്ഷേത്രം സന്ദർശിച്ചപ്പോൾ അഹിന്ദുക്കൾക്കുള്ള രജിസ്റ്റർ ബുക്കിലാണ് പേര് രജിസ്റ്റർ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പി വിവാദത്തിന് തുടക്കമിട്ടത്. എന്നാൽ ക്ഷേത്രത്തിൽ ഒരു രജിസ്റ്റർ ബുക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിലാണ് രാഹുൽ പേര് എഴുതിയതെന്നും കോൺഗ്രസ് വിശദീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ തോൽവി മണക്കുന്ന ബി.ജെ.പിയുടെ പുതിയ അടവാണ് വിവാദമെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.