കോൺഗ്രസിന് ചൈന ബന്ധമെന്ന് അമിത് ഷാ; ആരോപണത്തിൽ തിരിച്ചടിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക ഏറ്റുമുട്ടൽ പാർലമെന്റിൽ ഒച്ചപ്പാടായതിനിടയിൽ കോൺഗ്രസിന് ചൈന ബന്ധം ആരോപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. തൊട്ടുപിന്നാലെ, ആർ.എസ്.എസിനും ബി.ജെ.പിക്കും ചൈനയുമായി പിന്നാമ്പുറ ബന്ധം കോൺഗ്രസും ആരോപിച്ചു.
പാർലമെന്റിലെ ഒച്ചപ്പാടിനു പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിച്ച അമിത് ഷാ, കോൺഗ്രസിനെതിരെ പല ആരോപണങ്ങളാണ് ഉന്നയിച്ചത്. വിദേശ സംഭാവന സ്വീകരിക്കാൻ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ചെയർപേഴ്സനായ രാജീവ് ഗാന്ധി ഫൗണ്ടേഷന് ഉണ്ടായിരുന്ന രജിസ്ട്രേഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിഷയം പാർലമെന്റിൽ ഉയരാതിരിക്കാനാണ് അതിർത്തി വിഷയം കോൺഗ്രസ് ഉയർത്തിയതെന്നും മന്ത്രി ആരോപിച്ചു.
ചോദ്യോത്തര വേളയിൽ അഞ്ചാമത്തെ ചോദ്യം രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാൽ, സഭ സ്തംഭിച്ചതിനാൽ പാർലമെന്റിൽ അത് വിഷയമായില്ല. 2005നും 2007നുമിടയിൽ ഫൗണ്ടേഷന് 1.35 കോടി രൂപ ഇന്ത്യ-ചൈന ബന്ധങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് ചൈനീസ് എംബസിയിൽനിന്ന് സ്വീകരിച്ചതിനെ തുടർന്നാണ് രജിസ്ട്രേഷൻ റദ്ദാക്കിയത്. സാമൂഹിക പ്രവർത്തനത്തിന് വേണ്ടിയുള്ളതായിരുന്നു രജിസ്ട്രേഷൻ -അമിത് ഷാ പറഞ്ഞു.
ഗൽവാനിൽ ചൈനീസ് പട്ടാളവുമായി ഇന്ത്യൻ സേന പോരടിക്കുന്നതിനിടയിൽ കോൺഗ്രസിലൊരാൾ ചൈനീസ് എംബസി ഉദ്യോഗസ്ഥന് അത്താഴവിരുന്ന് നൽകി. ചൈനയുടെ ഭീഷണിയെ തുടർന്ന് 2012ൽ അടിസ്ഥാന സൗകര്യ നിർമാണങ്ങൾ യു.പി.എ സർക്കാർ നിർത്തിവെച്ചു. 1962ൽ ചൈന ഇന്ത്യയുടെ ആയിരക്കണക്കിന് ഹെക്ടർ ഭൂമി കൈയടക്കിയതിനെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നെങ്കിൽ എന്താണ് കണ്ടെത്താൻ കഴിയുക?
ജവഹർലാൽ നെഹ്റുവിനെപ്പോലുള്ള നേതാക്കൾക്ക് വിദേശ നേതാക്കളുമായുള്ള വ്യക്തിബന്ധം മൂലമാണ് യു.എൻ രക്ഷാസമിതി അംഗത്വം ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഇസ്ലാമിക് റിസർച് ഫൗണ്ടേഷൻ സ്ഥാപകൻ സാകിർ നായികിൽനിന്ന് 50 ലക്ഷം രൂപ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷൻ സ്വീകരിച്ചു. ഭീകരതയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തെ തുടർന്ന് സർക്കാർ നിരോധിച്ച സംഘടനയാണ് സാകിർ നായികിന്റേത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലിരിക്കുന്ന കാലത്തോളം ഇന്ത്യയുടെ ഒരിഞ്ചു ഭൂമിപോലും കൈയടക്കാൻ ആർക്കും കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
'ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ആർ.എസ്.എസിനുള്ള ബന്ധം എന്താണെന്ന് വിശദീകരിക്കണം'
ന്യൂഡൽഹി: അതിർത്തിയിലെ ഏറ്റുമുട്ടൽ വിഷയത്തിൽ ജനങ്ങളിൽനിന്ന് സത്യം മറച്ചു പിടിക്കുകയാണ് സർക്കാറെന്ന് കോൺഗ്രസ്. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ്.സി.ആർ.എ രജിസ്ട്രേഷൻ റദ്ദാക്കിയതുപോലുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി ജനശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കളായ ഗൗരവ് ഗൊഗോയ്, പവൻ ഖേര എന്നിവർ കുറ്റപ്പെടുത്തി. തിങ്കളാഴ്ചയും പാർലമെന്റ് നടന്നതാണ്. വെള്ളിയാഴ്ച നടന്ന സംഭവത്തെക്കുറിച്ച് ചൊവ്വാഴ്ചമാത്രം പ്രതിരോധ മന്ത്രി പ്രസ്താവന നടത്തിയത് എന്തുകൊണ്ട്? എന്തൊക്കെയാണ് സർക്കാർ മറച്ചുപിടിക്കുന്നത്? അവർ ചോദിച്ചു.
രാജ്യത്തിന്റെ സുരക്ഷയാണ് കോൺഗ്രസിനു മുന്നിലെ വിഷയം. അതുകൊണ്ടാണ് സംശയങ്ങൾക്ക് ഉത്തരം തേടുന്നത്. പ്രതിരോധ മന്ത്രിക്ക് കൂടുതൽ പറയണമെന്നുണ്ടാവും. പക്ഷേ, പ്രധാനമന്ത്രി അദ്ദേഹത്തെ നിശ്ശബ്ദനാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് പ്രസ്താവന അപൂർണമായത്. ദേശസുരക്ഷയുടെ പ്രശ്നം എപ്പോൾ ഉയർന്നുവന്നാലും മന്ത്രിമാർക്കു പിന്നിൽ ഒളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. രാജ്യത്തിന്റെ അതിർത്തി ഭദ്രത കാത്തുസൂക്ഷിക്കാൻ ബി.ജെ.പി സർക്കാറിന് കഴിയുന്നില്ല. തെരഞ്ഞെടുപ്പു നടത്തിപ്പും വർഗീയ രാഷ്ട്രീയവുമല്ലാതെ മറ്റൊന്നും ചിന്തിക്കാൻ അവർക്ക് സമയമില്ല.
കോൺഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്നതിനു മുമ്പ് 2019ലെ തെരഞ്ഞെടുപ്പിൽ യു.സി ന്യൂസ് മൊബൈൽ, ഷാരെൽറ്റ് എന്നിവയുടെ സഹായം തേടിയതിന് ബി.ജെ.പി ഉത്തരം പറയണം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ആർ.എസ്.എസിനുള്ള ബന്ധം എന്താണെന്ന് വിശദീകരിക്കണം. എന്തുകൊണ്ടാണ് അവർ ചൈനയുടെ വാതിലിൽ മുട്ടുന്നത്? അധികാരത്തിൽ ഇല്ലാതിരുന്നപ്പോൾപോലും ചൈനയിൽ പോയി പാഠങ്ങൾ കേട്ടുവന്നവരാണ് ബി.ജെ.പിക്കാർ. ഇന്ത്യ ഫൗണ്ടേഷൻ, വിവേകാനന്ദ ഫൗണ്ടേഷൻ എന്നിവക്ക് ചൈനയുമായുള്ള ബന്ധം എന്താണെന്ന് ആഭ്യന്തര മന്ത്രി വിശദീകരിക്കണം.
രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ അക്കൗണ്ട് പൊതുജനങ്ങൾക്ക് ലഭ്യമാണ്. പി.എം കെയേഴ്സ് ഫണ്ടിന് ഏതൊക്കെ ചൈനീസ് കമ്പനികളാണ് സംഭാവന നൽകിയതെന്നു പറയണം. 2020ൽ ചൈനക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശുദ്ധിപത്രം നൽകിയതിന്റെ രഹസ്യം പുറത്തുപറയണം. ദൗർബല്യങ്ങൾ മനസ്സിലാക്കാൻ ചൈനയെ മോദിസർക്കാർ അനുവദിച്ചതുകൊണ്ടാണ് നയതന്ത്ര പിഴവുകൾ ഉണ്ടാകുന്നത്. നയതന്ത്രം നയതന്ത്രജ്ഞർക്ക് വിട്ടുകൊടുക്കണം. പ്രതിരോധ മന്ത്രിയോടും വിദേശകാര്യ മന്ത്രിയോടും മറ്റും ചോദ്യങ്ങൾക്ക് മറുപടി തേടാൻ അവസരമില്ല. തൽസ്ഥിതി മാറ്റിമറിക്കുക മാത്രമല്ല ചൈന ചെയ്തത്. ചൈനയോടു പൊരുതാൻ കോൺഗ്രസ് ആവശ്യപ്പെടുന്നു. എന്നാൽ, സർക്കാർ കോൺഗ്രസിനോട് പൊരുതുകയാണ്. ഗൽവാനിൽ പൂർവസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം സർക്കാർ കൈവിട്ടുവെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
യുദ്ധം നടന്ന 1962ൽ ചൈനയെക്കുറിച്ച ചർച്ചയിൽ 165 എം.പിമാർ പങ്കെടുത്തു. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ എം.പിമാർ വിമർശിച്ചു. അദ്ദേഹം അത് ശ്രദ്ധാപൂർവം കേട്ടു. ഇപ്പോഴത്തെ സർക്കാർ ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ ആക്രമിക്കുകയാണ് -ഖേര പറഞ്ഞു.ചൈനക്ക് തക്ക മറുപടി കൊടുക്കണമെങ്കിൽ ദക്ഷിണ പൂർവേഷ്യയുമായി ഇന്ത്യ കൂടുതലായി ഇടപഴകണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാവിയിൽ ഇതിനെല്ലാം ഉത്തരവാദിത്തം ഏൽക്കേണ്ടിവരും -അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.