അമിത് ഷാ രാജിവെക്കണം -സോഷ്യലിസ്റ്റ് പാർട്ടി
text_fieldsന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ വിട്ടയച്ച സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ചണ്ഡിഗഢിൽ നടന്ന സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ദേശീയ നിർവാഹക സമിതി ആവശ്യപ്പെട്ടു. നല്ല പെരുമാറ്റവും ജയിലിൽ 14 വർഷം പൂർത്തിയാക്കിയതുമാണ് ഇവരെ വിട്ടയക്കാൻ പറയുന്ന കാരണങ്ങൾ. എന്നാൽ, ഇവരിൽ മൂന്നുപേർ പരോളിൽ പുറത്തിറങ്ങിയപ്പോൾ ബലാത്സംഗം അടക്കമുള്ള ക്രിമിനൽ കുറ്റങ്ങൾ ചെയ്തതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെയാണ് സൽസ്വഭാവികളായി കണ്ടെത്തിയത്. മാത്രമല്ല, ഇവർ 998 ദിവസം മുതൽ 1576 ദിവസം വരെ പരോൾ ലഭിച്ചവരുമാണ്. ക്രൂരമായി ബലാത്സംഗം ചെയ്യുകയും ഇരയുടെ കുടുംബത്തെ മുഴുവൻ കൊന്നൊടുക്കുകയും ചെയ്ത പ്രതികളെയാണ് വിട്ടയച്ചത്. ഇതുവഴി സ്ത്രീകളുടെ മാനത്തെയാണ് അപമാനിച്ചത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവെക്കണം.
എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട് എല്ലാവർക്കും തൊഴിൽ എന്ന മുദ്രാവാക്യമുയർത്തി സോഷ്യലിസ്റ്റ് പാർട്ടി വ്യാപക പ്രക്ഷോഭം ആരംഭിക്കും. തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഡിസംബർ 10ന് ഡൽഹിയിൽ യൂത്ത് പാർലമെന്റ് വിളിച്ചുചേർക്കും. ദേശീയ പ്രസിഡന്റ് തമ്പാൻ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. സന്ദീപ് പാണ്ഡേ, മനോജ് ടി സാരംഗ്, ടോമി മാത്യു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.