തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ ഏകസിവിൽ കോഡ് നടപ്പാക്കും: അമിത്ഷാ
text_fieldsമുംബൈ: 2029-ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി ബി.ജെ.പി-എൻ.ഡി.എ മുന്നണി ഭരിക്കുന്ന മുഴുവൻ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് (യു.സി.സി.) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിലവിലുള്ള വിവിധ മതവിഭാഗങ്ങളുടെ വ്യക്തിനിയമങ്ങൾക്ക് പകരമായി, എല്ലാ പൗരന്മാർക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ഏകീകൃത സിവിൽ കോഡ്. മതം നോക്കാതെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ രാജ്യത്തുടനീളം ഒരേ നിയമവ്യവസ്ഥ കൊണ്ടുവരുമെന്ന് അമിത് ഷാ പറഞ്ഞു. ഇതിനോടകം തന്നെ ചില ബി.ജെ.പി. ഭരണ സംസ്ഥാനങ്ങളിൽ യു.സി.സി. നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തീവ്രവാദത്തിനെതിരെ കേന്ദ്ര സർക്കാർ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്. മുൻകാലങ്ങളിൽ നടത്തിയ മിന്നലാക്രമണങ്ങൾ (സർജിക്കൽ സ്ട്രൈക്ക്), വ്യോമാക്രമണങ്ങൾ, 'ഓപ്പറേഷൻ സിന്ദൂർ' തുടങ്ങിയ സൈനിക നടപടികൾ ഭീകരവാദത്തോടുള്ള ഇന്ത്യയുടെ 'സീറോ ടോളറൻസ്' നയത്തെയാണ് ലോകത്തിന് മുന്നിൽ വ്യക്തമാക്കിയത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് സർക്കാർ എക്കാലത്തും പരമപ്രാധാന്യമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിന്റെ 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി ഒരു മാസത്തെ 'സേവ സങ്കൽപ്പ് അഭിയാൻ' കാമ്പയിൻ സംഘടിപ്പിക്കുമെന്ന് അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17-ന് ആരംഭിക്കുന്ന ഈ ജനസമ്പർക്ക പരിപാടി, ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിയായും അദ്ദേഹം പൂർത്തിയാക്കിയ 25 വർഷത്തെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
രാജ്യത്തെ എല്ലാ ജില്ലകളിലും ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളിലും, പോളിംഗ് ബൂത്ത് തലം വരെയും കാമ്പയിന്റെ സന്ദേശം എത്തിക്കും. എൻ.ഡി.എ. സഖ്യകക്ഷികളും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും പരിപാടിയിൽ സജീവമായി പങ്കാളികളാകുമെന്നും അമിത് ഷാ പറഞ്ഞു.
സേവ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി കാശിയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ വാടനഗറിലേക്ക് ബൈക്ക് യാത്ര സംഘടിപ്പിക്കും. സെപ്റ്റംബർ 17-ന് പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പത്ത് വിശുദ്ധ നദികളിലെ ജലം സമർപ്പിച്ചുകൊണ്ട് യാത്രയ്ക്ക് തുടക്കം കുറിക്കും. ഏകദേശം ഇരുപത് ദിവസത്തോളം നീണ്ടുനിൽക്കുന്ന ഈ ബൈക്ക് യാത്ര ഒക്ടോബർ 7-ന് വാടനഗറിൽ സമാപിക്കും. പ്രധാനമന്ത്രിയുടെ സേവനത്തിന്റെയും ഭരണനേട്ടങ്ങളുടെയും ഓർമ്മപ്പെടുത്തലായിരിക്കും ഈ യാത്രയെന്നും അമിത് ഷാ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

