കള്ളപ്പണം: ആംവേക്കെതിരെ ഇ.ഡി കുറ്റപത്രം
text_fieldsന്യൂഡൽഹി: 4000 കോടി രൂപയുടെ സാമ്പത്തിക കുറ്റകൃത്യവുമായും കള്ളപ്പണം വെളുപ്പിക്കലുമായും ബന്ധപ്പെട്ട് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയായ ആംവേ ഇന്ത്യക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം. ഇതിന്റെ ഗണ്യമായ ഭാഗം വിദേശ ബാങ്ക് അക്കൗണ്ടുകളിലേക്ക് കടത്തിയതായി ഇ.ഡി ആരോപിച്ചു. ഹൈദരാബാദ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നേരത്തെ കമ്പനിക്കും ഡയറക്ടർമാർക്കുമെതിരെ തെലങ്കാന പൊലീസ് നിരവധി കേസുകളെടുത്തിട്ടുണ്ട്.
സാധനവിൽപനയുടെ മറവിൽ അനധികൃത പണമിടപാട് പ്രോത്സാഹിപ്പിക്കുകയും നെറ്റ്വർക് മാർക്കറ്റിങ് മാതൃകയിൽ പുതിയ ആളുകളെ ചേർത്താൽ കമീഷനും ഇൻസെന്റീവും വാഗ്ദാനം ചെയ്ത് പൊതുജനങ്ങളെ വഞ്ചിക്കുകയും ചെയ്തെന്ന് കുറ്റപത്രത്തിൽ പറയുന്നു.
അതേസമയം, 25 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ആംവേ നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് കമ്പനി അധികൃതർ പ്രതികരിച്ചു. ഇപ്പോൾ ഇ.ഡി സമർപ്പിച്ച പ്രോസിക്യൂഷൻ പരാതി 2011 മുതലുള്ള അന്വേഷണവുമായി ബന്ധപ്പെട്ടതാണെന്നും അതിനുശേഷം വകുപ്പുമായി സഹകരിക്കുകയും സമയാസമയങ്ങളിൽ ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകുകയും ചെയ്യുന്നതായി കമ്പനി വക്താവ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.