‘യു.എസ് താരിഫിൽ 25,000 കോടി നഷ്ടം, ഓർഡറുകളിൽ പകുതിയും റദ്ദായി, പ്രതിസന്ധി രൂക്ഷം,’ കേന്ദ്ര ഇടപെടൽ തേടി ആന്ധ്രപ്രദേശ്
text_fieldsഅമരാവതി: യു.എസ് തീരുവയിൽ പ്രതിസന്ധിയിലായ സംസ്ഥാനത്തെ മത്സ്യ കർഷകർക്ക് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കേന്ദ്രത്തിന് കത്തെഴുതി. സംസ്ഥാനത്തുനിന്നുള്ള ചെമ്മീൻ കയറ്റുമതിയിൽ 25,000 കോടി രൂപയോളം നഷ്ടം നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കയറ്റുമതി ഓർഡറുകളുടെ 50 ശതമാനവും റദ്ദാക്കിയിരിക്കുകയാണ്. കയറ്റുമതി ചെയ്യുന്ന ഏകദേശം 2,000 കണ്ടെയ്‌നറുകളിൽ തന്നെ 600 കോടി രൂപയോളം അധിക നികുതിയായി നൽകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപ് നേരത്തെ പ്രഖ്യാപിച്ച 25 ശതമാനത്തിന് പുറമേ 25 ശതമാനം അധിക നികുതിയും 5.76 ശതമാനം കൗണ്ടർവെയ്‌ലിംഗ് തീരുവയും 3.96 ശതമാനം ആന്റി-ഡമ്പിംഗ് തീരുവയും പ്രഖ്യാപിച്ചതിനെത്തുടർന്ന് യു.എസ് താരിഫ് 59.72 ശതമാനത്തിലെത്തി.
ജി.എസ്.ടിയിൽ ഇളവ് വരുത്തണമെന്നും മത്സ്യ കർഷകരെ നഷ്ടത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് ദേശീയ തലത്തിൽ തീരുമാനം വേണമെന്നും നായിഡു കത്തിൽ പറയുന്നു. മത്സ്യ ഉൽപ്പന്നങ്ങളുടെ ആഭ്യന്തര ഉപഭോഗം വർദ്ധിപ്പിക്കാൻ നടപടി വേണം. കർഷകർക്ക് സാമ്പത്തിക പാക്കേജുകൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് എന്നിവർക്ക് വെവ്വേറെ കത്തുകൾ നൽകിയിട്ടുണ്ട്.
രാജ്യത്തെ ചെമ്മീൻ കയറ്റുമതിയുടെ 80 ശതമാനവും സമുദ്രോൽപ്പന്ന കയറ്റുമതിയുടെ 34 ശതമാനവും ആന്ധ്രാപ്രദേശിൽ നിന്നാണ്. പ്രതിവർഷം ഏകദേശം 21,246 കോടി രൂപയുടെ വരുമാനമാണ് ആന്ധ്രക്ക് മേഖലയിലുള്ളത്. ഏകദേശം 2.5 ലക്ഷം മത്സ്യ കർഷക കുടുംബങ്ങളും അനുബന്ധ മേഖലകളിൽ 30 ലക്ഷം ആളുകളും തൊഴിലെടുക്കുന്നുവെന്നാണ് കണക്ക്.
യു.എസ് താരിഫ് ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ ഇതിനകം തന്നെ ആശ്വാസ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. വായ്പയുടെയും പലിശയുടെയും തിരിച്ചടവുകൾക്ക് 240 ദിവസത്തെ മൊറട്ടോറിയം, പലിശ സബ്‌സിഡികൾ, ശീതീകരിച്ച ചെമ്മീനിന്റെ അഞ്ച് ശതമാനം ജി.എസ്.ടി താൽക്കാലികമായി ഒഴിവാക്കൽ എന്നിവ ഉൾപ്പെടെ കയറ്റുമതിക്കാർക്കും മത്സ്യകർഷകർക്കും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള പിന്തുണയും അദ്ദേഹം അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.