Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ സർക്കാർ വന്നാലും പഴയ അനുമതികൾ റദ്ദാക്കാനാകില്ല; നിക്ഷേപകർക്ക് നിയമപരിരക്ഷ നൽകുമെന്ന് ആന്ധ്ര മുഖ്യമന്ത്രി

text_fields
bookmark_border
പുതിയ സർക്കാർ വന്നാലും പഴയ അനുമതികൾ റദ്ദാക്കാനാകില്ല; നിക്ഷേപകർക്ക് നിയമപരിരക്ഷ നൽകുമെന്ന് ആന്ധ്ര മുഖ്യമന്ത്രി
cancel

വിശാഖപട്ടണം: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായാലും നിക്ഷേപകർക്ക് മുൻ സർക്കാറുകൾ നൽകിയ ആനുകൂല്യങ്ങളും അനുമതികളും ലഭ്യമാക്കുന്ന വിധത്തിൽ പുതിയ നിയമം കൊണ്ടുവരുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. രാഷ്ട്രീയ മാറ്റങ്ങളും സർക്കാറിന്റെ പ്രതികാര നടപടികളും നിക്ഷേപങ്ങളെ ബാധിക്കുന്നത് തടയുകയാണത്രെ ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. ഇതിനായി സംസ്ഥാനതലത്തിൽ നിക്ഷേപ സംരക്ഷണ നിയമം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. സമാനമായ നിയമം ദേശീയതലത്തിലും കൊണ്ടുവരണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിശാഖപട്ടണത്ത് നടക്കുന്ന ദ്വിദിന കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) പാർട്ണർഷിപ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു നായിഡു. സർക്കാർ മാറുമ്പോൾ മുൻ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ റദ്ദാക്കുന്നതും പദ്ധതികളിൽ മാറ്റം വരുത്തുന്നതും നിക്ഷേപകർക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

നിർദിഷ്ട നിയമപ്രകാരം മുൻ സർക്കാർ നിക്ഷേപകർക്ക് അനുവദിച്ച ഭൂമി, സാമ്പത്തിക ആനുകൂല്യങ്ങൾ, പദ്ധതികൾക്കുള്ള അനുമതികൾ എന്നിവ പിന്നീട് അധികാരത്തിൽ വരുന്ന സർക്കാറിന് ഏകപക്ഷീയമായി പിൻവലിക്കാനാകില്ല. ഇതിലൂടെ നിക്ഷേപകർക്ക് ദീർഘകാല സുരക്ഷിതത്വവും പദ്ധതികൾ തുടരാനുള്ള ആത്മവിശ്വാസവും ഉറപ്പാക്കാനാകുമെന്നാണ് സംസ്ഥാന സർക്കാറിന്റെ പ്രതീക്ഷ.

ഇത്തരമൊരു നിയമം കേന്ദ്ര സർക്കാർ നടപ്പാക്കിയാൽ വിദേശ നിക്ഷേപകരുടെ വിശ്വാസം വർധിക്കുമെന്നും ഇന്ത്യയിലേക്കുള്ള നിക്ഷേപം കൂടുമെന്നും നായിഡു പറയുന്നു. നിലവിൽ പുതിയ നിയമത്തിലെ വ്യവസ്ഥകൾ പുറത്തുവന്നിട്ടില്ല.

2019ൽ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടതിനെ തുടർന്ന് വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആർ കോൺഗ്രസ് സർക്കാർ അമരാവതി തലസ്ഥാന നഗരപദ്ധതിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയിരുന്നു. മുൻ സർക്കാർ അനുവദിച്ച ചില പദ്ധതികളുടെ കരാറുകളും മറ്റും റദ്ദാക്കുകയും ചെയ്തിരുന്നു. 2024ലാണ് നായിഡു വീണ്ടും അധികാരത്തിലെത്തിയത്.

സംസ്ഥാനത്ത് നിക്ഷേപം വർധിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികളും നായിഡു വിശദീകരിച്ചു. 2024 ജൂൺ മുതൽ 22.6 ലക്ഷം കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട് 714 ധാരണാപത്രങ്ങളിലാണ് സർക്കാർ ഒപ്പുവെച്ചത്. ഇതിൽ 17.1 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്ന 526 പദ്ധതികൾ നടപ്പാക്കാനാരംഭിച്ചിട്ടുണ്ട്. മൊത്തം ധാരണാപത്രങ്ങളിൽ 74 ശതമാനവും പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നാണ് സർക്കാർ പറയുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Naidu Proposes Investor Security Law
Next Story