മൃഗങ്ങൾ മനുഷ്യനേക്കാൾ വിശ്വസ്തർ; സ്കൂളിൽ പോയിരുന്നത് ആനപ്പുറത്ത്: പി.സി. ജോർജ്
text_fieldsകോട്ടയം: മൃഗങ്ങൾ മനുഷ്യനേക്കാൾ വിശ്വസ്തരാണെന്നും മൃഗങ്ങളോടുള്ള സ്നേഹം ജീവിതത്തിന്റെ ഭാഗമാണെന്നും ബി.ജെ.പി നേതാവ് പി.സി. ജോർജ്. കുട്ടിക്കാലത്ത് വീട്ടിൽ ആന ഉണ്ടായിരുന്നു. അന്ന് സ്കൂളിൽ പോയിരുന്നത് ആനപ്പുറത്തായിരുന്നു. അച്ഛന്റെ ചേട്ടന്റെ ആനയായിരുന്നു അത്. ആനയോട് അന്ന് വലിയ പ്രിയമായിരുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പി.സി. ജോർജ്.
മനുഷ്യനേക്കാൾ എന്തുകൊണ്ടും നല്ല സ്വഭാവം മൃഗങ്ങൾക്ക് തന്നെയാണ്, അതിൽ ഒരു സംശയവുമില്ലെന്ന് പി.സി. ജോർജ് പറഞ്ഞു. മനുഷ്യനാണെങ്കിൽ കളിപ്പിക്കാനും വഞ്ചിക്കാനും കാലുവാരാനുമൊക്കെ തയ്യാറാകുമല്ലോ, മൃഗങ്ങൾ ഇതൊന്നും ചെയ്യില്ല. എനിക്ക് വളർത്തുമൃഗങ്ങളെ വളരെ ഇഷ്ടമാണ്. പശുവുണ്ട്, പട്ടിയുണ്ട്, താറാവുണ്ട്, കോഴിയുണ്ട്. അതിൽ ഏറ്റവും കൂടുതൽ ഇഷ്ടം പട്ടിയോടാണ്, അതിന് വലിയ സ്നേഹമാണ്.
വളർത്തുപട്ടി ബ്രൂണോയ്ക്ക് ഇപ്പോൾ നാലര വയസ്സായി. വളരെ മിടുക്കനായി വളർന്നുവരുന്നു. മുട്ടയും ഇറച്ചിയുമാണ് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം. പുറത്തുനിന്നുള്ള ആരെങ്കിലും വരുമ്പോൾ അവൻ കുരയ്ക്കുന്നത് വെച്ച് അവർ വേണ്ടപ്പെട്ടവരാണോ അതോ അപരിചിതരാണോ എന്ന് വീട്ടിലുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കും -പി.സി. ജോർജ് പറഞ്ഞു.

