'ലണ്ടനിലല്ല, കോയമ്പത്തൂരിലും മധുരയിലുമാണ് പോകേണ്ടത്'; വിജയ്‌യുടെ ലണ്ടൻ പര്യടനത്തെ പരിഹസിച്ച് അണ്ണാമലൈ
text_fieldsന്യൂഡൽഹി: വിദേശനിക്ഷേപം സമാഹരിക്കുന്നതിനായി ലണ്ടൻ സന്ദർശനം നടത്തിയ തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം നേതാവുമായ സി. ജോസഫ് വിജയിയെ പരിഹസിച്ച് മുൻ തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. വിദേശരാജ്യങ്ങളിൽ പോയി സമയം കളയുന്നതിന് പകരം കോയമ്പത്തൂർ, മധുര തുടങ്ങിയ തമിഴ്‌നാട്ടിലെ വ്യവസായ നഗരങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകി പ്രാദേശിക നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് അണ്ണാമലൈ പറഞ്ഞു.
വളർച്ചാനിരക്ക് വെറും ഒരു ശതമാനം മാത്രമുള്ള ബ്രിട്ടനിലേക്കാണ് വിജയ് നിക്ഷേപം തേടി പോയതെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടി. മഹീന്ദ്ര ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികളാണ് അവിടെപ്പോലും നിക്ഷേപം നടത്തുന്നത്. അതിനാൽ വിദേശപര്യടനം നടത്തുന്നതിന് പകരം സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകി കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും വിജയിയുടെ ലണ്ടൻ യാത്രക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഡി.എം.കെ ആസ്ഥാനത്ത് നടന്ന ‘മുപ്പേരും വിഴ’ ചടങ്ങിൽ സംസാരിക്കവെയാണ് സ്റ്റാലിൻ വിജയിയെ പരിഹസിച്ചത്. "എന്തിനാണ് നിങ്ങൾ ലണ്ടനിൽ പോയത്? തമിഴ്‌നാടിനായി എന്ത് നിക്ഷേപമാണ് അവിടെനിന്ന് കൊണ്ടുവന്നത്? ഒരു ഇന്ത്യൻ കമ്പനിയുമായി ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ എന്തിനാണ് ലണ്ടൻ വരെ പോയത്?" എന്ന് സ്റ്റാലിൻ ചോദിച്ചു. ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച വിജയ് ഇപ്പോൾ ജനങ്ങൾക്ക് മുന്നിൽ അഭിനയിക്കുകയാണെന്നും, പണ്ട് ലോക്കൽ ഷൂട്ടിങ് ആയിരുന്നെങ്കിൽ ഇപ്പോൾ ഫോറിൻ ഷൂട്ടിങ് ആണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
അതേസമയം, ആറ് ദിവസം നീണ്ടുനിന്ന ഔദ്യോഗിക യുകെ സന്ദർശനത്തിലൂടെ തമിഴ്‌നാട്ടിലേക്ക് 15,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ നേടാനായതായി അധികൃതർ അറിയിച്ചു. ഇത് വഴി പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2036 ഓടെ തമിഴ്‌നാടിന്റെ സമ്പദ്‌വ്യവസ്ഥ 1.5 ട്രില്യൺ ഡോളറിലേക്ക് ഉയർത്താനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ വിദേശപര്യടനം നടത്തിയത്.
പര്യടനത്തിന്റെ ഭാഗമായി സെപ്റ്റംബർ 12-ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ കുമരൻ പെരിയാസമിയുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് സെപ്റ്റംബർ 14-ന് ഓട്ടോമൊബൈൽ ഘടകങ്ങൾ, പുനരുപയോഗ ഊർജ്ജം, പവർ ഗ്രിഡ് ഉപകരണങ്ങൾ, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (R&D) തുടങ്ങിയ മേഖലകളിൽ വിവിധ കമ്പനികളുമായി ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

