അലീഗഢിൽ വീണ്ടും ഉപേക്ഷിക്കപ്പെട്ട ക്ഷേത്രം കണ്ടെത്തിയെന്ന് ഹിന്ദുത്വ സംഘടനകൾ
text_fieldsഅലീഗഢ്: ഉത്തർപ്രദേശ് അലീഗഢിലെ ഡൽഹി ഗേറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സരായി മിയാനിൽ ഉപേക്ഷിക്കപ്പെട്ട ശിവക്ഷേത്രം കണ്ടെത്തിയതായി ഹിന്ദുത്വ സംഘടനകൾ. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണിത്. ബന്നാദേവി പൊലീസ് സ്റ്റേഷൻ പരിധിയിലെ മറ്റൊരു മുസ്ലിം ഭൂരിപക്ഷ മേഖലയായ സരായ് റഹ്മാനിലും കഴിഞ്ഞദിവസം സമാനരീതിയിൽ ക്ഷേത്രം കണ്ടെത്തിയിരുന്നു.
ഭാരതീയ ജനത യുവമോർച്ച സിറ്റി യൂനിറ്റ് സെക്രട്ടറി ഹർഷദും ബജ്റങ് ദൾ നേതാവ് അങ്കൂർ ശിവാജിയും പ്രദേശം സന്ദർശിച്ചു. ക്ഷേത്ര പരിസരം ശോചനീയമായ നിലയിലാണെന്നും വിഗ്രഹങ്ങൾ മാലിന്യങ്ങൾക്കിടയിൽ ചിതറിക്കിടക്കുകയാണെന്നും ഹർഷദ് പറഞ്ഞു. പൊലീസിെന്റ സാന്നിധ്യത്തിൽ ഗേറ്റിെന്റ പൂട്ട് തകർത്ത സംഘം ക്ഷേത്രം വൃത്തിയാക്കുകയും മന്ത്രോച്ചാരണങ്ങളോടെ ശുദ്ധികർമം നടത്തുകയും ചെയ്തു. ക്ഷേത്രങ്ങൾ പുനരുദ്ധരിക്കുന്നതിനും സമാധാനപരമായ രീതിയിൽ ആരാധന നടത്തുന്നതിനും പ്രദേശത്ത് സമാധാന സമിതികളുടെ യോഗം വിളിച്ചുചേർത്തതായി പൊലീസ് സൂപ്രണ്ട് (സിറ്റി) മൃഗാങ്ക് ശേഖർ പഥക് പറഞ്ഞു.
ബാബരി മസ്ജിദ് തകർക്കുന്നതിന് മുമ്പും ശേഷവുമുണ്ടായ വർഗീയ കലാപങ്ങളെത്തുടർന്ന് ഇവിടെ ഹിന്ദുക്കളും മുസ്ലിംകളും നാടുവിട്ടുപോവുകയും ഇരു സമുദായങ്ങളും പ്രത്യേകമായി ജീവിക്കാൻ തുടങ്ങുകയും ചെയ്തതായി പ്രദേശവാസികൾ പറയുന്നു.
ഈ കാലഘട്ടത്തിൽ നിരവധി ആരാധനാലയങ്ങളിൽ, പ്രത്യേകിച്ച് വഴിയോരങ്ങളിലെ ക്ഷേത്രങ്ങളിൽ ആളില്ലാതായി. കഴിഞ്ഞ കുറേ വർഷങ്ങളായി ക്ഷേത്രത്തിൽ ആരാധന നടക്കുന്നില്ലെന്നും പരിസരം ആരും സന്ദർശിക്കാറില്ലെന്നും പ്രദേശവാസിയായ മുഹമ്മദ് അഖിൽ ഖുർഷി പറഞ്ഞു. ക്ഷേത്രഭൂമി കൈയേറുന്നില്ലെന്ന് ഉറപ്പുവരുത്താൻ പ്രദേശത്തെ മുസ്ലിംകൾ മുൻകൈയെടുത്ത് അതിർത്തി മതിൽ നിർമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.