സുപ്രീംകോടതി വീണ്ടും പ്രശാന്ത് ഭൂഷണിനു പിറകെ
text_fieldsന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്കും മൂന്ന് മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്കുമെതിരെ നടത്തിയ വിമര്ശനത്തിെൻറപേരിൽ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് വിധിച്ച സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണിനെതിരെ മറ്റൊരു കോടതിയലക്ഷ്യ കേസില്‍ കൂടി നടപടി തുടങ്ങി.
2009ല്‍ പ്രശാന്ത് ഭുഷണ്‍ 'തെഹല്‍ക' മാഗസിന് നല്കിയ അഭിമുഖത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ചതിനെതിരെയാണ് അടുത്ത നടപടി. പ്രശാന്ത് ഭൂഷണിനുപുറമെ 'തെഹൽക'യുടെ അന്നത്തെ എഡിറ്റർ തരുൺ തേജ്പാൽ കൂടി പ്രതിചേർക്കപ്പെട്ട കേസില്‍ തങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ജസ്റ്റിസ് മിശ്രയുടെ ബെഞ്ച് ഇന്നലെ രൂപം നല്കി.
അതിനിടെ, പ്രശാന്ത് ഭൂഷണിനെതിരെ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിക്കെതിരെ കൂടുതല്‍ അഭിഭാഷകര്‍ രംഗത്തുവന്നിട്ടുണ്ട്. തെഹല്കക്കുവേണ്ടി ഷോമ ചൗധരി നടത്തിയ അഭിമുഖത്തില്‍, സുപ്രീംകോടതിയുടെ അവസാന 16 ചീഫ് ജസ്റ്റിസുമാരില്‍ പകുതിപേരും അഴിമതിക്കാരാണെന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞതാണ് കോടതിയലക്ഷ്യ കേസിന് ആധാരം. ഈ കേസില്‍ പ്രശാന്ത് ഭൂഷണ് നല്കിയ മറുപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് മിശ്ര ഈ മാസം നാലിന് വ്യക്തമാക്കിയിരുന്നു. ഏതൊക്കെ സാഹചര്യങ്ങളില്‍ ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണമുന്നയിക്കാം? സിറ്റിങ് ജഡ്ജിമാര്‍ക്കും വിരമിച്ചവര്‍ക്കും എതിരെ ആരോപണമുന്നയിക്കാനുള്ള പ്രക്രിയ എന്താണ്? എന്നീ ചോദ്യങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും 2009ൽ നടത്തിയ വിമര്‍ശനത്തിനുള്ള കേസിലെ വാദം കേള്‍ക്കല്‍.
ഈ ചോദ്യങ്ങള്‍ പ്രസക്തമാണെങ്കിലും അവ വിശാല ബെഞ്ചിന് വിടണമെന്ന് പ്രശാന്ത് ഭൂഷണുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രാജീവ് ധവാന് ആവശ്യപ്പെട്ടു. അഴിമതി ആരോപണം ഉന്നയിച്ചതുകൊണ്ട് മാത്രം കോതിയലക്ഷ്യമാകില്ലെന്ന് ധവാന് വാദിച്ചു. ജഡ്ജിമാര്‍ക്കെതിരെ മമത ബാനര്‍ജി ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ കോടതിയലക്ഷ്യമാകില്ലെന്ന് കല്‍ക്കട്ട ഹൈകോടതി ജഡ്ജിയായിരുന്ന സമയത്ത് ജസ്റ്റിസ് അരുണ്‍ മിശ്ര തന്നെ വിധിച്ചിട്ടുണ്ടെന്ന് രാജീവ് ധവാന് ഓര്‍മിപ്പിച്ചു.
ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം പൊതുജനങ്ങള്‍ക്ക് മുമ്പാകെ ഉന്നയിക്കുന്നതിനുമുമ്പ് കോടതിയുടെ ഭരണവിഭാഗത്തിന് സമര്‍പ്പിച്ച് ആഭ്യന്തര അന്വേഷണം നടക്കേണ്ടതുണ്ടെന്ന് ധവാനോട് ജസ്റ്റിസ് മിശ്ര പറഞ്ഞു. കേസ് 24ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.