ടി.വി പരിപാടികൾക്കിടെ ഇനി മയക്കുമരുന്ന് വിരുദ്ധ മുന്നറിയിപ്പ്; ചാനലുകൾക്ക് കേന്ദ്ര നിർദേശം
text_fieldsന്യൂഡൽഹി: സംപ്രേഷണം ചെയ്യുന്ന പരിപാടികൾക്കിടെ കൃത്യമായ ഇടവേളകളിൽ മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് സന്ദേശം പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയം ടെലിവിഷൻ ചാനലുകൾക്ക് നിർദേശം നൽകി.
പൊതുജന ബോധവൽക്കരണത്തിന്റെ ഭാഗമായി, ജനറൽ എന്റർടെയ്ൻമെന്റ് പരിപാടികൾ, സിനിമകൾ, സീരിയലുകൾ, മറ്റ് വാർത്തേതര പരിപാടികൾ എന്നിവയുടെ സംപ്രേഷണത്തിനിടയിലും മുന്നറിയിപ്പ് സന്ദേശം നൽകണമെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
എല്ലാ സ്വകാര്യ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളും മുന്നറിയിപ്പ് വ്യക്തമായും വായിക്കാൻ കഴിയുന്ന തരത്തിലും ശ്രദ്ധേയമായ രീതിയിലും പ്രദർശിപ്പിക്കണമെന്നാണ് നിർദേശം. “അനധികൃത മയക്കുമരുന്നുകൾ ആരോഗ്യത്തെ നശിപ്പിക്കുകയും ജയിൽവാസം ഉറപ്പാക്കുകയും ചെയ്യുന്നു. മയക്കുമരുന്നിനോട് ‘നോ’ പറയൂ.” എന്നാണ് പ്രദർശിപ്പിക്കേണ്ട മുന്നറിയിപ്പ് സന്ദേശം.
പരിപാടിയുടെ സംപ്രേഷണത്തിനിടെ അനുയോജ്യമായ ഇടവേളകളിൽ ഈ മുന്നറിയിപ്പ് നൽകണമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. നാർക്കോട്ടിക് ഡ്രഗ്സ്, സൈക്കോട്രോപിക് പദാർഥങ്ങൾ, മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ ദുരുപയോഗം പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നും പ്രത്യേകിച്ച് യുവാക്കളെയാണ് മയക്കുമരുന്നിന്റെ ദോഷങ്ങൾ കൂടുതൽ ബാധിക്കുന്നതെന്ന ആശങ്കയും മന്ത്രാലയം പങ്കുവച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാൻ കഴിയുന്ന ആശയവിനിമയ മാധ്യമങ്ങളിലൊന്നാണ് ടെലിവിഷൻ. അതിനാൽ മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിലും ഉത്തരവാദിത്തമുള്ള സാമൂഹിക സന്ദേശങ്ങൾ ശക്തിപ്പെടുത്തുന്നതിലും ടെലിവിഷൻ സംപ്രേഷകരുടെ പങ്ക് നിർണായകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

