സാമ്പത്തിക സഹകരണം ശക്തമാക്കാൻ ആഹ്വാനം ചെയ്ത് അപെക് ഉച്ചകോടി
text_fieldsപ്രതീകാത്മക ചിത്രം
ജിയോങ്‌ജു (ദക്ഷിണ കൊറിയ): പ്രാദേശിക സാമ്പത്തിക സഹകരണം ഊന്നിപ്പറയുന്ന പ്രസ്താവനയോടെ ഏഷ്യ-പസഫിക് രാജ്യങ്ങളുടെ (അപെക്) സാമ്പത്തിക സഹകരണ വാർഷിക ഉച്ചകോടിക്ക് സമാപനം. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ‘വ്യാപാര യുദ്ധം’ അവസാനിപ്പിക്കാൻ സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് ഉച്ചകോടിയുടെ പ്രസ്താവന.
വ്യാപാര സംഘർഷങ്ങൾ മൂലം ഗുരുതരമായി ബാധിച്ച ആഗോള സമ്പദ്‌വ്യവസ്ഥയിലെ വെല്ലുവിളികളെ മറികടക്കാൻ കൂടുതൽ സഹകരണം വാഗ്ദാനം ചെയ്താണ് ദക്ഷിണ കൊറിയൻ നഗരമായ ജിയോങ്‌ജുവിൽ നടന്ന ഉച്ചകോടി സമാപിച്ചത്.
ഷി ജിൻപിങ്ങുമായി കരാറൊപ്പിട്ട ശേഷം ഉച്ചകോടിയുടെ തലേദിവസം തന്നെ ട്രംപ് ദക്ഷിണ കൊറിയ വിട്ടിരുന്നു. 2020ൽ അംഗീകരിച്ച പുത്രജയ വിഷൻ 2040ന് അപെക് അംഗങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഉച്ചകോടിക്കുശേഷം നേതാക്കൾ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ പറയുന്നു.
ചൈന ആഗോള സ്വതന്ത്ര വ്യാപാരത്തെയും വിതരണ ശൃംഖലയുടെ സ്ഥിരതയെയും പിന്തുണക്കുമെന്ന് ഷി ജിൻ പിങ് ഉച്ചകോടിയിൽ പറഞ്ഞു. ചൈനയിൽ നിക്ഷേപിക്കുന്നത് ഭാവിയിൽ നിക്ഷേപിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ജാപ്പനീസ്, കനേഡിയൻ, തായ് നേതാക്കളുമായി ഷി ജിൻ പിങ് ചർച്ച നടത്തി.
വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനുള്ള വഴികളും എ.ഐ, ജനസംഖ്യാ വെല്ലുവിളികൾ, സാംസ്കാരിക വ്യവസായങ്ങൾ എന്നീ മേഖലകളിലെ സഹകരണവും ഉച്ചകോടിയിൽ ചർച്ചയായി. 1989ലാണ് അപെക് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

