ദേശീയപാതക്കരികിൽ ചീഞ്ഞഴുകുന്നത് കോടികളുടെ ആപ്പിൾ; കശ്മീരിൽ കർഷകർക്ക് കണ്ണീർകാലം
text_fieldsട്രക്കുകളിൽനിന്ന് ചീഞ്ഞ ആപ്പിളുകൾ നീക്കം ചെയ്യുന്ന വണ്ടിക്കാർ
ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കോടിക്കണക്കിന് രൂപയുടെ ആപ്പിളുകൾ ചീഞ്ഞഴുകുന്നു. കശ്മീരിൽ ആപ്പിൾ വിളവെടുപ്പുകാലമാണ്. കർഷകർ വർഷം മുഴുവൻ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ വിളവെല്ലാം ദേശീയപാതയിൽ ട്രക്കുകളിലെ പെട്ടികളിലിരുന്ന് അഴുകുകയാണ്. ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം ദേശീയപാതയുടെ പലഭാഗങ്ങളും തകർന്നതാണ് വിളവെടുത്ത ആപ്പിളുകൾ ട്രക്ക് മാർഗം ഡൽഹിയിലേക്കെത്തിക്കാൻ കഴിയാതായത്.
ബാരാമുള്ളയിൽനിന്ന് ഇന്ത്യയുടെ മറ്റു നഗരങ്ങളിലേക്കുള്ള ദേശീയപാതയിൽ ആയിരക്കണക്കിന് ട്രക്കുകളാണ് ആപ്പിളും പീച്ചുമടക്കം പഴവർഗങ്ങളുമായി നിരനിരയായി ദിവസങ്ങളായി കിടക്കുന്നത്. ചില വാഹനങ്ങളിലെ ആപ്പിളുകൾ അഴുകിയത് റോഡരികിലേക്ക് തന്നെ തള്ളുകയാണ്. ഹിമാലയൻ മേഖലയിലെ ഏക എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡ് കണക്ഷനായ ജമ്മു-ശ്രീനഗർ ദേശീയ പാത ആഗസ്റ്റ് 24 മുതൽ മഴയെത്തുടർന്ന് മണ്ണിടിച്ചിലിൽ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് ആവർത്തിച്ച് തടസ്സപ്പെട്ടു. ഒരു മാസത്തിലേറെയായി, ഈ പ്രദേശം കടുത്ത കാലവർഷക്കെടുതിയിൽ വലയുകയാണ്, കുറഞ്ഞത് 170 പേർ കൊല്ലപ്പെടുകയും സ്വത്തുക്കൾക്കും റോഡുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
കാശ്മീരിൽ ഏതാണ്ട് 25 ദശലക്ഷം മെട്രിക് ആപ്പിൾ ഉൽപാദിപ്പിക്കുന്നു. ഇന്ത്യയിലെ ആപ്പിൾ ഉൽപാദനത്തിന്റെ 78 ശതമാനം വരുമിത്. തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഖാസിഗുണ്ട് പ്രദേശത്തെ ഹൈവേയിൽ രണ്ടാഴ്ചയായി ഏകദേശം 4,000 ട്രക്കുകൾ കുടുങ്ങിക്കിടക്കുകയാണ്. ആപ്പിളുകൾ ചീഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇതിനുമാത്രം 146 മില്യൺ ഡോളർ വിലവരും. ബാരാമുള്ള ജില്ലയിലെ സോപാറിലാണ് ഏറ്റവും കൂടുതൽ ആപ്പിൾ ഉൽപാദനം നടക്കുന്നത്. ചരക്കുനീക്കം തുടരാത്തതിനാൽ ആപ്പിൾ വിളവെടുക്കാതെ തോട്ടത്തിൽ തന്നെ പഴുത്ത് വീണ് നശിക്കുകയാണ്.
ദേശീയപാത ഇനിയും തുറക്കാൻ വൈകിയാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാവുക. 20 ദിവസത്തെ ദേശീയപാത സ്തംഭനത്തിനുശേഷം താൽക്കാലികമായി പാത തുറന്നെങ്കിലും പത്ത് ശതമാനം ട്രക്കുകളും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ടെങ്കിലും ആയിരക്കണക്കിന് ട്രക്കുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ് . പ്രതിസന്ധി പരിഹരിക്കാനായി സെപ്റ്റംബർ 15 ന് ഇന്ത്യൻ ഭരണത്തിലുള്ള കശ്മീരിന്റെ മധ്യഭാഗത്തുള്ള ബുഡ്ഗാം സ്റ്റേഷനിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പഴങ്ങൾ കൊണ്ടുപോകുന്നതിനായി ഒരു പ്രത്യേക ട്രെയിൻ ആരംഭിച്ചു. പാസഞ്ചർ ട്രെയിനിലെ ഒരുകോച്ച് ബോഗി മാത്രമാണ് അനുവദിച്ചിരുന്നത്. ഒരു ട്രക്കിൽ കയറ്റുന്ന ലോഡ് മാത്രമായിരുന്നു അത്.
കർഷകരുടെ വിളവെടുപ്പ് അനുസരിച്ച് ഒരു ഗുഡ്സ് ട്രെയിൻ മൊത്തം ഡൽഹിയിലേക്ക് ഓടിയാലും ടൺകണക്കിന് ആപ്പിൾ ബാക്കിയാവുമെന്നാണ് കണക്ക്. ദേശീയപാത നിർമാണത്തിന് 50ഓളം മണ്ണുമാന്തികൾ നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നാണ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറയുന്നത്. നിർമാണം അതിവേഗത്തിലാക്കണമെന്ന് കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ആവശ്യപ്പെട്ടു. പഹൽഗാം ആക്രമണത്തെ തുടർന്ന് ടൂറിസം മേഖലയിലുണ്ടായ സാമ്പത്തിക തകർച്ചയേക്കാൾ വളരെ വലുതാണ് വിളവെടുത്ത ആപ്പിൾ കെട്ടിക്കിടന്ന് നശിക്കുന്നതെന്നാണ് കർഷകർ പറയുന്നത്. ഒരാഴ്ച കൂടി ഗതാഗതതടസ്സം തുടർന്നാൽ ചീഞ്ഞ ആപ്പിളുകൾ എവിടെകൊണ്ടുപോയി ഉപേക്ഷിക്കുമെന്നതും ആശങ്കയുയർത്തുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും അധ്വാനിച്ച് വളർത്തിയെടുത്ത പഴങ്ങൾ മാലിന്യമായി മാറിക്കൊണ്ടിരിക്കുകയാണ്. കശ്മീരിലെ കർഷകരുടെ അധ്വനവും സ്വപ്നങ്ങളുമാണ് തോട്ടങ്ങളിലും ട്രക്കുകളിലും ജീർണിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.