Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവഖഫിൽ പിടിമുറുകി;...

വഖഫിൽ പിടിമുറുകി; ബില്ലിന് മന്ത്രിസഭ അംഗീകാരം

text_fields
bookmark_border
വഖഫിൽ പിടിമുറുകി; ബില്ലിന് മന്ത്രിസഭ അംഗീകാരം
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം കുറെക്കൂടി കടുപ്പിച്ച വ്യവസ്ഥകൾ അടങ്ങുന്ന പുതിയ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകിയതോടെ വഖഫ് സ്വത്തുക്കൾക്ക് മേലുള്ള കേന്ദ്രസർക്കാറിന്റെ പിടിമുറുകി. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ ബജറ്റ് സമ്മേളനത്തി​ന്റെ ആദ്യപാദത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) റിപ്പോർട്ടിനൊപ്പം പാർലമെന്റിൽ വെച്ച പുതിയ ബില്ലിനാണ് അംഗീകാരം നൽകിയത്.

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിൽ ബിൽ അവതരിപ്പിക്കാനാണ് നീക്കമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഈ ബിൽ അംഗീകരിക്കില്ലെന്നും നിയമമാക്കുന്നതിനെ എന്തുവില കൊടുത്തും ചെറുക്കുമെന്നും ജെ.പി.സിയിലെ പ്രതിപക്ഷ അംഗങ്ങൾ വ്യക്തമാക്കിയതോടെ ബിൽ അവതരണവും പ്രക്ഷുബ്ധമാകുമെന്നുറപ്പായി.

വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനായി പ്രതിപക്ഷ എം.പിമാരും സംസ്ഥാന വഖഫ് ബോർഡുകളും മുസ്‍ലിം സമുദായ സംഘടനകളും നേതാക്കളും നിർദേശിച്ച ഭേദഗതികളെല്ലാം തള്ളി പകരം വഖഫ് നിയന്ത്രണത്തിനായി എൻ.ഡി.എ എം.പിമാർ നിർദേശിച്ച 14 ഭേദഗതികൾ മാത്രം ഉൾക്കൊള്ളിച്ചാണ് വിവാദ ബിൽ ജെ.പി.സി തയാറാക്കിയത്. സംസ്ഥാന വഖഫ് ബോർഡുകളിലും കേന്ദ്ര വഖഫ് കൗൺസിലിലും അമുസ്‍ലിംകളെ അംഗങ്ങളാക്കണമെന്ന ഏറെ പ്രതിഷേധമുയർത്തിയ വിവാദ വ്യവസ്ഥ നിലനിർത്തുക മാത്രമല്ല, കൂടുതൽ അമുസ്‍ലിം അംഗങ്ങൾക്ക് വഴിയൊരുക്കി കുറെക്കൂടി കടുപ്പിച്ചതാണ് പുതിയ ബിൽ. ഓരോ സംസ്ഥാനത്തും വഖഫ് സ്വത്തുക്കളുടെ നിർണയാധികാരം സർവേ കമീഷണറിൽനിന്ന് എടുത്തുമാറ്റി പകരം ജില്ല കലക്ടർമാരെ ചുമതലപ്പെടുത്തിയതും പുതിയ ബില്ലിൽ നിലനിർത്തി.

വഖഫ് സർക്കാർ കൈയേറിയതുമായി ബന്ധപ്പെട്ട തർക്കങ്ങൾ തീർപ്പാക്കുന്നതിനുള്ള അധികാരം സർവേ കമീഷണർക്ക് പകരം ആദ്യ ബില്ലിൽ ജില്ല കലക്ടറെ ചുമതലപ്പെടുത്തിയത് പുതിയ ബില്ലിൽ സംസ്ഥാന സർക്കാർ നിയോഗിക്കുന്ന റവന്യൂ ഓഫിസർക്കാക്കി മാറ്റി. അഞ്ച് വർഷമായി ഇസ്‍ലാം മതം അനുഷ്ഠിക്കുന്ന ആൾക്ക് മാത്രമേ വഖഫ് ചെയ്യാവൂ എന്നതും പുതിയ ബില്ലിലുണ്ട്. കാലങ്ങളായുള്ള ഉപയോഗത്തിലൂടെ വഖഫായി കണക്കാക്കണമെങ്കിൽ അത് രജിസ്റ്റർ ചെയ്യണമെന്ന വിവാദ വ്യവസ്ഥ പുതിയ ബില്ലിലുണ്ട്.തിരക്കിട്ട നടപടികളിലൂടെ ജനുവരി 29ന് വോട്ടിനിട്ട് പാസാക്കി 30നാണ് സമിതിയിലെ ബി.ജെ.പി അംഗങ്ങൾ മാത്രം ചേർന്ന് റിപ്പോർട്ട് സ്പീക്കർ ഓം ബിർളക്ക് സമർപ്പിച്ചത്.

കേന്ദ്ര നീക്കത്തെ പ്രതിപക്ഷം യോജിച്ചു ചെറുക്കുമെന്ന് വഖഫ് ജെ.പി.സി (സംയുക്ത പാർലമെന്ററി സമിതി)യി​ലെ പ്രതിപക്ഷ അംഗവും സമാജ്‍വാദി പാർട്ടി എം.പിയുമായ മുഹീബുല്ല നദ്‍വി ‘മാധ്യമ’ത്തോടു പറഞ്ഞു. ഭാവി നടപടികൾ ആലോചിക്കുന്നതിന് വഖഫ് ജെ.പി.സിയിലെ പ്രതിപക്ഷ അംഗങ്ങൾ ഒരുമിച്ചിരിക്കുമെന്നും നദ്‍വി കൂട്ടിച്ചേർത്തു. മുസ്‍ലിം സമുദായത്തിനെതിരായ ഈ ബിൽ പ്രതിപക്ഷം അംഗീകരിക്കുന്ന പ്രശ്നമേയില്ല. അത് നിയമമാക്കുന്നതിനെ ചെറുക്കും. ബിൽ കൊണ്ടുവരുമ്പോൾ പ്രതിപക്ഷം രംഗത്തിറങ്ങുമെന്നും നദ്‍വി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waqf boardWaqf Amendment Bill
News Summary - Approval of wakhaf Amendment Bill
Next Story